സ്റ്റാര്‍ട്ട്അപ്പ് വളര്‍ച്ച കടലാസില്‍ മാത്രം!; മുന്‍ നിലപാടില്‍ നിന്ന് ‘യൂ ടേണ്‍’ എടുത്ത് ശശി തരൂര്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍ കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പ് ആവാസവ്യവസ്ഥയുടെ വളര്‍ച്ചയെ പ്രശംസിച്ച് ദിവസങ്ങള്‍ക്കകം ‘യൂ ടേണ്‍’ എടുത്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സ്റ്റാര്‍ട്ട്അപ്പ് വളര്‍ച്ചയുമായി ബന്ധപ്പെട്ട് തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞ ശശി തരൂറിന് സഹപ്രവര്‍ത്തകരില്‍ നിന്ന് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ചയില്‍ സംശയം പ്രകടിപ്പിച്ച് വളര്‍ച്ച കടലാസില്‍ മാത്രം ഒതുങ്ങരുതെന്ന് ശശി തരൂര്‍ എക്‌സില്‍ കുറിച്ചു.

‘കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പ് സംരംഭകത്വ കഥ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോലെയല്ല എന്ന് കാണുമ്പോള്‍ നിരാശ തോന്നുന്നു. ഗവണ്‍മെന്റിന്റെ അവകാശവാദങ്ങള്‍ ശരിയായ ഉദ്ദേശ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു എന്നതാണ് ഏക ശുഭസൂചന. നമുക്ക് കൂടുതല്‍ എംഎസ്എംഇ സ്റ്റാര്‍ട്ട്അപ്പുകള്‍ ആവശ്യമാണ്. കടലാസില്‍ മാത്രമല്ല. കേരളം ഈ വഴിക്ക് മുന്നേറണം!’- ശശി തരൂര്‍ എക്‌സില്‍ കുറിച്ചു. സംസ്ഥാനത്ത് നിരവധി ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ അടച്ചുപൂട്ടിയതിനെ ഉയര്‍ത്തിക്കാട്ടി ഒരു പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ചുകൊണ്ടാണ് തരൂര്‍ തന്റെ പുതിയ നിലപാട് വ്യക്തമാക്കിയത്.

അതേസമയം തരൂരിന്റെ പുതിയ നിലപാടിനെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സ്വാഗതം ചെയ്തു. എംപി ഗുരുതരമായ തെറ്റുകളൊന്നും ചെയ്തിട്ടില്ല. എല്ലാ കാര്യത്തിലും തരൂര്‍ വ്യക്തത വരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വലിയ മനസ്സിന് ഞാന്‍ നന്ദി പറയുന്നു. കണ്ണിലെ കൃഷ്ണമണി പോലെ അദ്ദേഹത്തെ സംരക്ഷിക്കുമെന്നും സുധാകരന്‍ ഞായറാഴ്ച കോഴിക്കോട്ട് പറഞ്ഞു.

സ്റ്റാര്‍ട്ട്അപ്പ് അവകാശവാദങ്ങളില്‍ സംശയം പ്രകടിപ്പിക്കുമ്പോള്‍ പോലും, എല്‍ഡിഎഫ് സര്‍ക്കാരിന്റെ ‘ശരിയായ ഉദ്ദേശ്യങ്ങള്‍’ എടുത്തുകാണിക്കാന്‍ തരൂര്‍ തയ്യാറായി എന്നത് ശ്രദ്ധേയമാണ്. ഫെബ്രുവരി 13 ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ ഒരു ലേഖനത്തിലാണ് 2024 ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് ഉദ്ധരിച്ച് തരൂര്‍ കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് ആവാസവ്യവസ്ഥയെ പ്രശംസിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കീഴിലാണ് സ്റ്റാര്‍ട്ട്അപ്പ് മേഖലയില്‍ മാറ്റം സംഭവിച്ചതെന്നും ശശി തരൂരിന്റെ കോളത്തില്‍ പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രശംസിച്ച തരൂരിനെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസിന്റെ സംസ്ഥാന, കേന്ദ്ര നേതാക്കളിലെ ഒരു വിഭാഗം നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തിന് ഇടയാക്കിയിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, തന്റെ നിലപാട് വ്യക്തമാക്കി തരൂര്‍ ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പ് ഇട്ടു. 2024 ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് തന്റെ പരാമര്‍ശങ്ങള്‍ എന്ന് തരൂര്‍ പറഞ്ഞു.മറ്റ് വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കില്‍ തന്റെ നിലപാട് തിരുത്താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. h

 

Be the first to comment

Leave a Reply

Your email address will not be published.


*