
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പിനൊപ്പം അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാ വയലറ്റ് സൂചികാ വിവരങ്ങളാണ് പങ്കുവച്ചത്. പട്ടിക പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് പത്തനംതിട്ടയിലെ കോന്നിയിലാണ്.
അള്‍ട്രാ വയലറ്റ് സൂചിക അനുസരിച്ച് കോന്നിയില്‍ (10) ആണ് രേഖപ്പെടുത്തിയത്. ഗൗരവകരമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് നല്‍കുന്ന ഓറഞ്ച് ജാഗ്രതയാണ് കോന്നിയില്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരത്തിൽ 5 കേന്ദ്രങ്ങളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊട്ടാരക്കര (8), മൂന്നാര്‍ (8), തൃത്താല (8), പൊന്നാനി (8) എന്നിങ്ങനെയാണ് ഓറഞ്ച് ജാഗ്രതയില്‍ വരുന്ന മറ്റു പ്രദേശങ്ങള്‍. ചങ്ങനാശേരി (7), ചെങ്ങന്നൂര്‍ (7), ഒല്ലൂര്‍ (7), കളമശേരി (5) എന്നിവിടങ്ങളില്‍ യെലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. അതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു.
Be the first to comment