
‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ’യ്ക്കിടയിലെ അശ്ലീല പരാമർശത്തിൽ യൂട്യൂബർ രൺവീർ അല്ലാബാദിയക്ക് ആശ്വാസം. ‘ദി രൺവീർ ഷോ’ പുനരാരംഭിക്കാൻ സുപ്രീം കോടതി ഉപാധികളോടെ അനുമതി നൽകി.
പോഡ്കാസ്റ്റ് ഷോകൾ എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകർക്കും കാണാൻ കഴിയുന്ന തരത്തിൽ ആകണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ധാർമ്മികതയുടെയും മാന്യതയുടെയും മാനദണ്ഡങ്ങൾ പാലിക്കുമെന്ന് രൺവീർ അല്ലാബാദിയ ഉറപ്പ് നൽകണമെന്നും കോടതി വ്യക്തമാക്കി. തനിക്ക് ജീവിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലെന്ന അല്ലാബാദിയയുടെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. 280 ജീവനക്കാരുടെ ഉപജീവനമാർഗ്ഗം തന്റെ ഷോ ആണെന്നും അല്ലാബാദിയ അപേക്ഷയിൽ പറയുന്നു.
കൊമേഡിയൻ സമയ് റെയ്ന അവതരിപ്പിക്കുന്ന ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന പരിപാടിയിൽ വച്ചാണ് അല്ലാബാദിയ അശ്ലീല പരാമർശം നടത്തിയത്. ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ’യിലെ വിധികർത്താക്കളിലൊരാളാണ് ഇയാൾ. ‘ഇനിയുള്ള കാലം നിങ്ങൾ മാതാപിതാക്കൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ദിവസേന നോക്കി നിൽക്കുമോ അതോ അവർക്കൊപ്പം ചേർന്ന് എന്നേക്കുമായി ഇത് അവസാനിപ്പിക്കുമോ’ എന്നാണ് മത്സരാർഥിയോട് രൺവീർ ചോദിച്ചത്. വീഡിയോ പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് രൺവീറിനെതിരെ ഉയർന്നത്. തുടർന്ന് വീഡിയോ യൂട്യൂബ് നീക്കം ചെയ്തിരുന്നു.
അതേസമയം, സംഭവത്തിൽ മാപ്പു പറഞ്ഞുകൊണ്ട് രൺവീർ വീഡിയോ പോസ്റ്റ് ചെയ്തെങ്കിലും കേസെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. രൺവീറിനും ഇന്ത്യാസ് ഗോട്ട് ലാറ്റെന്റിനും എതിരെ മുംബൈയിലും അസമിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര സൈബർ സെല്ലും കേസെടുത്തിരുന്നു.
Be the first to comment