രമേശ് ചെന്നിത്തലയുടെ ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ വിളിയില്‍ ക്ഷുഭിതനായ മുഖ്യമന്ത്രിയെ പരിഹസിച്ച് സന്ദീപ് വാര്യര്‍

രമേശ് ചെന്നിത്തലയുടെ ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ വിളിയില്‍ ക്ഷുഭിതനായ മുഖ്യമന്ത്രിയെ പരിഹസിച്ച് സന്ദീപ് വാര്യര്‍. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നല്ലാതെ ഡാ പൊന്നളിയാ എന്നഭിസംബോധന ചെയ്യാന്‍ പറ്റുമോ ? എന്ന് സന്ദീപ് വാര്യര്‍ ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനിടെയായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും കൊമ്പുകോര്‍ത്തത്. താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൊലപാതകമടക്കമുള്ള വിഷയവുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍, 9 വര്‍ഷം നിങ്ങള്‍ ഭരിച്ചിട്ടു ലഹരിയൊഴുക്കിനെതിരെ ഒന്നും ചെയ്തില്ല. 9 വര്‍ഷം എന്ന് പറയുന്നത് കേരള ചരിത്രത്തില്‍ ഒരു ചെറിയ കാലയളവല്ല. സര്‍, പുതിയൊരു എക്‌സൈസ് നയം വരുന്നുവെന്ന് പറയുന്നു. ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാം. ഡ്രൈ ഡേ വേണ്ട, ടൂറിസ്റ്റ് സെന്ററുകളില്‍ യഥേഷ്ഠം മദ്യം നല്‍കാം. കള്ള് ഷാപ്പുകളുടെ ദൂര പരിധി 400ല്‍ നിന്ന് 250 ആയി കുറയ്ക്കാം. ഇത് ആര്‍ക്ക് വേണ്ടിയാണ്. ലഹരിയെ തടയുമെന്ന് പറയുന്ന നമ്മള്‍ ഇത് അനുവദിച്ചു കൊടുത്താല്‍ വരും തലമുറകള്‍ നമ്മളോട് ചോദിക്കില്ലേ. കേരളം ലഹരി മാഫിയയുടെ കീഴില്‍ അമര്‍ന്ന് കഴിയുമ്പോഴാണ് ഇവിടെ ഇനിയും ഡിസ്ലറിയും ബ്രൂവറിയും സ്ഥാപിച്ചുകൊണ്ട് മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത് ആര്‍ക്ക് വേണ്ടിയാണ്. ലഹരിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ വേണ്ടി നടത്തുന്ന പരിശ്രമത്തെ തകര്‍ക്കുന്നതല്ലേ പുതിയ ബ്രൂവറിയും ഡിസ്ലറിയും വൈനറിയുമെല്ലാം കേരളത്തില്‍ സ്ഥാപിക്കുന്നത്. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍, വിമുക്തി പരാജയപ്പെട്ട പദ്ധതിയായി’ – എന്നിങ്ങനെ രൂക്ഷ വിമര്‍ശനമാണ് ചെന്നിത്തല സഭയില്‍ ഉന്നയിച്ചത്.

രൂക്ഷമായ ഭാഷയില്‍ തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയും. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നുപറഞ്ഞ് ഇദ്ദേഹം കുറേ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയാണ്. ഓരോന്നിനും ഞാന്‍ ഇടയ്ക്കിടെ ഉത്തരം പറഞ്ഞുകൊണ്ടിരിക്കണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. വേണമെങ്കില്‍ അതാകാം, അതാണ് ഉദ്ദേശിക്കുന്നതെങ്കിലെന്നും – അദ്ദേഹം പറഞ്ഞു. ‘ യുവാക്കള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ചോദിച്ചില്ലേ. യൂത്തിന് ഈ സന്ദേശമാണോ നല്‍കേണ്ടത്. സമൂഹം നേരിടുന്ന ഒരു വിപത്തിനെ നേരിടുന്ന രീതിയിലാണോ അദ്ദേഹം സംസാരിക്കുന്നത്. അതാണോ ശരിയായ രീതി. യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ കഴിയണം. നാട് നേരിടുന്ന പ്രശ്‌നമെന്താണെന്ന് മനസിലാക്കാന്‍ കഴിയണം. ഇടയ്ക്കിടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് പറഞ്ഞ് ചോദ്യം ചോദിച്ചാല്‍ മാത്രം പോര. നാടിന്റെ പ്രശ്നം എന്താണെന്ന് മനസിലാക്കാനാകണം’ – മുഖ്യമന്ത്രി തിരിച്ചടിച്ചു.

തൊട്ടുപിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് എത്തി. സര്‍ക്കാര്‍ എഴുതിത്തരുന്നത് വായിക്കാനല്ല ഇരിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.

Be the first to comment

Leave a Reply

Your email address will not be published.


*