അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 15 ശതമാനം അധിക നികുതി; ‘വ്യാപാരയുദ്ധ’ത്തിനൊരുങ്ങി ചൈന

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്തിയതിന് പിന്നാലെ തിരിച്ചടിച്ച് ചൈന. പ്രതികാര നടപടിയെന്നോണം അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 15 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി ത്തുകയാണെന്നാണ് ചൈനയുടെ പ്രഖ്യാപനം. ലോക വ്യാപാര സംഘടനയില്‍ അമേരിക്കക്കെതിരെ നിയമനടപടിക്കും ചൈന തുടക്കം കുറിച്ചു.

മാര്‍ച്ച് 10 മുതല്‍ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന അധിക നികുതി ഏര്‍പ്പെടുത്തുമെന്നാണ് ചൈനയുടെ കസ്റ്റംസ് താരീഫ് കമ്മീഷണന്‍ അറിയിച്ചിരിക്കുന്നത്.

അമേരിക്ക ഇറക്കുമതി ചെയ്യുന്ന കോഴി, ഗോതമ്പ്, ചോളം, പരുത്തി എന്നി ഉല്‍പ്പന്നങ്ങള്‍ക്ക് 15 ശതമാനം അധിക താരിഫ് ചുമത്തുമെന്നാണ് കമ്മീഷന്‍ പ്രസ്താവനയില്‍ പറയുന്നത്. സോര്‍ഗം, സോയാബീന്‍, പന്നിയിറച്ചി, പോത്തിറച്ചി, അക്വാട്ടിക്ക് പ്രോഡക്ടസ്, പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് 10 ശതമാനം അധിക നികുതി ചുമത്തും. കൂടാതെ 10 യുഎസ് സ്ഥാപനങ്ങളെ വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനുമാണ് ചൈനയുടെ തീരുമാനം. പ്രതിരോധ, സുരക്ഷ മേഖലകളുമായി ബന്ധപ്പെട്ട നിരവധി കമ്പനികള്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വ്യോമയാനം, ഐടി, സിവിലിയന്‍, സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

അതേസമയം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക അധിക നികുതി ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്കെതിരെ ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) തര്‍ക്ക പരിഹാര വിഭാഗത്തിന് കീഴില്‍ ചൈന നിയമനടപടി ആരംഭിച്ചിട്ടുണ്ടെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവ ചുമത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതോടെയാണ് ചൈന പ്രതികാര നടപടിയെന്നോണം അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കും അധിക നികുതി ഏര്‍പ്പെടുത്തിയത്.

അമേരിക്കയുടെ നീക്കം ചൈന-യുഎസ് സാമ്പത്തിക, വ്യാപാര സഹകരണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണെന്നും അവ ഇല്ലാതാക്കുന്നതാണെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി. യുഎസ് ഏകപക്ഷീയമായി താരിഫ് ചുമത്തുന്നത് ബഹുമുഖ വ്യാപാര സംവിധാനത്തെ ദുര്‍ബലപ്പെടുത്തുമെന്നും കമ്മീഷന്‍ പറഞ്ഞു. ചൈനയുടെ വാര്‍ഷിക പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് കയറ്റുമതി ഉല്‍പ്പന്നങ്ങളില്‍ അധിക നീകുതി ഏര്‍പ്പെടുത്താന്‍ ട്രംപ് തീരുമാനിച്ചതെന്നും ശ്രദ്ധേയമാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*