
ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഓസീസിനെതിരെ ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യം. 73 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. 57 പന്തില്‍ 61 റണ്‍സെടുത്ത അലക്സ് ക്യാരിയാണ് ഓസ്ട്രേലിയയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 49.3 ഓവറില്‍ 264 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യക്കായി മുഹമ്മദ് ഷമിയും വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്മിത്തിനൊപ്പം ഹെഡും ലബുഷെയ്‌നിനും അലക്‌സ് ക്യാരിയും പടുത്തുയര്‍ത്തിയ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുകള്‍ ഓസീസിന് നിര്‍ണായകമായി.
ഓസീസിന് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ കൂപ്പര്‍ കൊന്നോലിയെ (0) നഷ്ടമായി. പിന്നാലെ ഇന്ത്യയ്ക്ക് സ്ഥിരം തലവേദനയാകാറുള്ള ട്രാവിസ് ഹെഡിനെ വരുണ്‍ ചക്രവര്‍ത്തി ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചു. 33 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ച് ഫോറുമടക്കം 39 റണ്‍സെടുത്താണ് ഹെഡ് പുറത്തായത്.
പിന്നാലെ 36 പന്തില്‍ 29 റണ്‍സെടുത്ത ലാബുഷെയ്നിനെ ജഡേജ മടക്കി. ജോഷ് ഇംഗ്ളിസ് തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും ജഡേജ പുറത്താക്കി. പിന്നാലെ സിക്സ് അടിച്ച് തുടങ്ങിയ ഗ്ലെന്‍ മാക്സ്‌വെല്ലിനെ(7) അക്സര്‍ പട്ടേല്‍ ബൗൾഡാക്കി.
57 പന്തില്‍ 61 റണ്‍സെടുത്ത ക്യാരി എട്ട് ഫോറും ഒരു സിക്സും പറത്തി. ക്യാരിയെ ശ്രേയസ് അയ്യര്‍ റണ്ണൗട്ടാക്കി. ഒടുവില്‍ എല്ലിസിനെ ഷമിയും സാംപയെ ഹാര്‍ദ്ദിക് പാണ്ഡ്യയും പുറത്താക്കി ഓസീസ് ഇന്നിംഗ്സ് 264 റണ്‍സില്‍ അവസാനിച്ചു.
Be the first to comment