ഉത്സവത്തിന് ആന വേണ്ടെന്ന് തീരുമാനിച്ച് ശ്രീകുമാരമംഗലം ക്ഷേത്രകമ്മിറ്റി; ആനയ്ക്കായുള്ള തുക ഭവനരഹിതര്‍ക്ക് വീടുവച്ച് നല്‍കാന്‍ ഉപയോഗിക്കും

കോട്ടയം :ഉത്സവങ്ങള്‍ക്കിടെ ആനയിടയുന്ന സംഭവങ്ങള്‍ വാര്‍ത്തയാകുന്നതിനിടെ ആനയില്ലാതെ ഉത്സവം നടത്താന്‍ തീരുമാനമെടുത്ത് ശ്രീകുമാരമംഗലം ക്ഷേത്രം. ആനയ്ക്കായി ചെലവാകുന്ന പണം കൊണ്ട് ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്നും ഭരണസമിതി തീരുമാനമെടുത്തു. കോട്ടയത്തെ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിന്റേതാണ് മാതൃകാ തീരുമാനം. 

ശ്രീകുമാരമംഗലം ക്ഷേത്രത്തില്‍ ഇത് ഉത്സവകാലമാണ്. ഉത്സവം വിപുലമായാണ് നടത്തുന്നത്. എല്ലാ പൊലിമയും ഉണ്ടെങ്കിലും ഇത്തവണ ഉത്സവത്തിന് ആനകള്‍ ഉണ്ടാകില്ല. ആനകളെ ഇനി മുതല്‍ ഉത്സവത്തിന് ഉപയോഗിക്കേണ്ടതില്ലെന്നാണ് ദേവസ്വത്തിന്റെ തീരുമാനം. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഈ മുന്‍കരുതല്‍.

ആനയ്ക്ക് വേണ്ടി നീക്കി വെക്കുന്ന തുകകൊണ്ട് ഭവനരഹിതരായ ഒരു കുടുംബത്തിന് വീടുവെച്ച് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. തങ്കരഥമുള്ള കേരളത്തിലെ ഏകക്ഷേത്രം ശ്രീകുമാരമംഗലം അതിനാല്‍ ക്ഷേത്ര ചടങ്ങിന്റെ ഭാഗമായുള്ള എഴുന്നള്ളത്തിന് ആന അവിഭാജ്യ ഘടകമല്ലെന്നാണ് ഭാരവാഹികള്‍ പറയുന്നത്. ആനയെ ഒഴിവാക്കിയത് മാത്രമല്ല. ഷര്‍ട്ട് ധരിച്ച് ക്ഷേത്ര ദര്‍ശനം നടത്താമെന്നും നേരത്തെ ഇവിടെ പ്രവര്‍ത്തികമാക്കിയിരുന്നു.

ആനയ്ക്ക് മാറ്റിവെക്കുന്ന പാട്ടതുക മാത്രം കൊണ്ട് വീട് നിര്‍മ്മാണം നടത്താന്‍ സാധിക്കാത്തതിനാല്‍ സന്മനസുകളുടെ സഹായവും തേടുന്നുണ്ട്. ആദ്യ സംഭാവനയായി ദേവസ്വം സെക്രട്ടറി 50000രൂപ നല്‍കി. നാല് അംഗശാഖകളില്‍ ഉള്‍പ്പെട്ട ഏറ്റവും നിര്‍ധനനായ ശാഖ അംഗത്തിന് ഒരു വീട് നല്‍കുന്നതാണ് പദ്ധതി. നറക്കെടുപ്പിലൂടെയാകും ഒരു കുടുംബത്തെ തിരഞ്ഞെടുക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*