
ബസിന് പെർമിറ്റ് നൽകാൻ മദ്യവും പണവും കൈക്കൂലിയായി ആവശ്യപ്പെട്ട കേസിൽ വിജിലൻസ് പിടികൂടിയ എറണാകുളം മുൻ ആർടിഒ ജെയ്സന് ജാമ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് രണ്ട് ഏജന്റുമാർക്കും ജാമ്യം ലഭിച്ചു. റിമാൻഡ് കാലാവധി അവസാനിക്കാൻ ഇരിക്കെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ അറസ്റ്റിലായതിന് ശേഷം ജെയ്സനെ ജോലിയിൽ നിന്ന് ഗതാഗത വകുപ്പ് സസ്‌പെൻഡ് ചെയ്തിരുന്നു.
സ്വകാര്യ ബസിന് പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിലെ ഓഫീസിൽ വച്ചാണ് ആർടിഒയെയും ഇടനിലക്കാരെയും പിടികൂടുന്നത്. ഏജന്റുമാരായ ഫോർട്ട്കൊച്ചി സ്വദേശി സജേഷ്, രാമപ്പടിയാർ എന്നിവരെ മുൻനിർത്തിയാണ് ആർടിഒ പണം വാങ്ങിയിരുന്നതെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. വാട്സ്ആപ്പ് കോളുകൾ വഴിയായിരുന്നു ഏജന്റുമാർ പരസ്പരം ബന്ധപ്പെട്ടിരുന്നത്.
വിജിലൻസ് നടത്തിയ റെയ്‌ഡിൽ ജെയ്സന്റെ ഇടപ്പള്ളി കീർത്തി നഗറിലെ വീട്ടിൽ നിന്നും 84 ലക്ഷം രൂപയുടെ നിക്ഷേപ രേഖകൾ അടക്കം പിടിച്ചെടുത്തിരുന്നു. കൈക്കൂലിയായി വാങ്ങിയ പണം സൂക്ഷിച്ചതെന്ന് സംശയിക്കുന്ന ലോക്കറും വിജിലൻസ് സീൽ ചെയ്തു. വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 49 കുപ്പി വിദേശ നിർമ്മിത വിദേശ മദ്യവും വിജിലൻസ് പിടികൂടിയിരുന്നു. അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചതിനും എളമക്കര പൊലീസ് അബ്കാരി നിയമപ്രകാരം കേസ് എടുത്തിരുന്നു.
Be the first to comment