‘അശ്‌ളീല പരാമര്‍ശത്തില്‍ അന്വേഷണം നടത്തി ശിക്ഷ ഉറപ്പാക്കണം’; കെ എന്‍ ഗോപിനാഥിനെതിരെ വനിതാ കമ്മീഷന് ആശാവര്‍ക്കേഴ്‌സിന്റെ പരാതി

സിഐടിയു നേതാവ് കെ എന്‍ ഗോപിനാഥിനെതിരെ വനിതാ കമ്മീഷന് പരാതിയുമായി ആശാവര്‍ക്കേഴ്‌സ്. അശ്‌ളീല പരാമര്‍ശത്തില്‍ അന്വേഷണം നടത്തി ശിക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം. കേരളാ ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷനാണ് പരാതി നല്‍കിയത്. ആശ വര്‍ക്കേഴ്‌സിനും സ്ത്രീ സമൂഹത്തിന് ആകെയും അവമതിപ്പ് ഉണ്ടാക്കിയ പരാമര്‍ശം എന്നാണ് പരാതി. സുരേഷ് ഗോപിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടായിരുന്നു കെ എന്‍ ഗോപിനാഥിന്റെ അശ്‌ളീല പരാമര്‍ശം.

ആശ വര്‍ക്കേഴ്‌സിന്റെ സമരപ്പന്തലില്‍ മഴ നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പ്പാളില്‍ പൊലീസ് അഴിച്ചുമാറ്റുകയായിരുന്നു. ടാര്‍പ്പാളിന്‍ തലയിലൂടെ മൂടി മഴ നനയാതിരിക്കാനും പൊലീസ് അനുവദിച്ചില്ല. നടപ്പാക്കുന്നത് കോടതി ഉത്തരവെന്നാണ് പൊലീസിന്റെ വാദം. നഗരത്തില്‍ അര്‍ധരാത്രിയില്‍ പെയ്ത ശക്തമായ മഴയില്‍ നിന്ന് രക്ഷനേടാനാണ് ആശാവര്‍ക്കേഴ്സ് ടാര്‍പ്പാളിന്‍ കെട്ടിയത്. ഇതാണ് അഴിച്ചു മാറ്റിയത്. ഇതിനു പിന്നാലെയാണ് സമരപ്പന്തലിലെത്തിയ സുരേഷ് ഗോപി ആശ വര്‍ക്കേഴ്‌സിന് കുടകളും റെയ്ന്‍കോട്ടുകളും വാങ്ങി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ടായിരുന്നു കെ എന്‍ ഗോപിനാഥിന്റെ പരാമര്‍ശം.

സുരേഷ് ഗോപി എല്ലാവര്‍ക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയുംകൂടി കൊടുത്തോ എന്ന് അറിയില്ലെന്നായിരുന്നു പരാമര്‍ശം. സമരനായകന്‍ സുരേഷ് ഗോപി സമരകേന്ദ്രത്തില്‍ എത്തുന്നു. എല്ലാവര്‍ക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയും കൂടി കൊടുത്തോ എന്ന് അറിയാന്‍ പാടില്ല. നേരത്തെ അങ്ങനെ കൊടുക്കുന്ന പതിവുണ്ടായിരുന്നു. ആരോ രണ്ടുപേര്‍ പരാതിപ്പെട്ടതോടു കൂടി ഉമ്മകൊടുക്കല്‍ നിര്‍ത്തി എന്ന് തോന്നുന്നു. ഇപ്പോള്‍ കുട കൊടുക്കുകയാണ് കേന്ദ്രമന്ത്രി. കുട കൊടുക്കുന്നതിന് പകരം ഈ ഓണറേറിയത്തിന്റെ കാര്യത്തില്‍ പാര്‍ലമെന്റില്‍ പറഞ്ഞ് എന്തെങ്കിലും നേടിക്കൊടുക്കേണ്ടേ. ആ ഓഫറുമായിട്ട് വേണ്ടേ ആ സമരപ്പന്തലില്‍ വരാന്‍ – കെ എന്‍ ഗോപിനാഥ് ചോദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*