
കർണാടകയിലെ സിനിമാപ്രേമികൾക്ക് സന്തോഷവാർത്തയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ മൾട്ടിപ്ലക്സുകൾ ഉൾപ്പെടെയുള്ള എല്ലാ സിനിമാ തിയേറ്ററുകളിലെയും ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സിനിമാ പ്രദർശനം കൂടുതൽ ജനകീയമാക്കുന്നതിനും കന്നഡ സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്.
കർണാടകയിൽ സിനിമാ ടിക്കറ്റുകൾക്ക് വില പരിധി ഏർപ്പെടുത്തുന്നത് ഇതാദ്യമല്ല. 2017-ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇത്തരത്തിൽ ഒരു നീക്കം നടത്തിയിരുന്നു. എന്നാൽ മൾട്ടിപ്ലക്സ് ഉടമകൾ ഈ തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്യുകയും പിന്നീട് താൽക്കാലികമായി നിർത്തുകയും ചെയ്തു.
ടിക്കറ്റ് വില പരിധിക്ക് പുറമേ, കന്നഡ സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനം ഒരു ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, മൈസൂരുവിൽ ഫിലിം സിറ്റി വികസിപ്പിക്കുന്നതിനായി 500 കോടി രൂപയും 150 ഏക്കർ സ്ഥലവും അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Be the first to comment