സമ്പന്ന വിഭാഗങ്ങള്‍ക്ക് ഇനി സൗജന്യങ്ങള്‍ വേണ്ട, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ല: നവകേരള രേഖ

കൊല്ലം: എല്ലാവര്‍ക്കും സൗജന്യങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരള രേഖയില്‍ നിര്‍ദേശിക്കുന്നു. സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കുന്നത് തുടരണോയെന്ന് പുനര്‍ വിചിന്തനം നടത്തണം. ജനങ്ങളെ വരുമാനത്തിന് അനുസരിച്ച് പ്രത്യേകം വിഭാഗങ്ങളാക്കി ഫീസ് ഈടാക്കുന്നത് പരിശോധിക്കണമെന്നും നവകേരളത്തിനായുള്ള പുതുവഴി നയരേഖ നിര്‍ദേശിക്കുന്നു.

ജനങ്ങളെ വരുമാനത്തിനനുസരിച്ച് പ്രത്യേകം വിഭാഗങ്ങളാക്കി തിരിച്ച് ഫീസ് ഈടാക്കുന്നത് പരിശോധിക്കണം. ഇതിനായി ഫീസ് ഘടന രൂപപ്പെടുത്തുന്നത് ചര്‍ച്ചചെയ്യണം. വര്‍ഷങ്ങളായി നികുതി വര്‍ദ്ധനവ് നടപ്പിലാക്കിയിട്ടില്ലാത്ത നിരവധി മേഖലകളുണ്ട്. ഈ മേഖലകളില്‍ വിഭവ സമാഹരണത്തെക്കുറിച്ചും സര്‍ക്കാര്‍ ചിന്തിക്കണം. വിവിധ മേഖലകളില്‍ നിന്ന് പാട്ടക്കുടിശ്ശിക പിരിക്കണം. പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളെ സര്‍ക്കാര്‍ സംവിധാനവുമായി സംയോജിപ്പിക്കുന്നതും പരിഗണിക്കണം.

പുനരുജ്ജീവിപ്പിക്കാന്‍ കഴിയാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണം അവസാനിപ്പിക്കണം. ഇവ സ്വകാര്യ-പൊതു-പങ്കാളിത്തത്തില്‍ (പിപിപി) സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതിനുള്ള സാധ്യത പ്രയോജനപ്പെടുത്തണം. ഇതിനായി വ്യക്തമായ വ്യവസ്ഥകളോടെ സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെടണമെന്നും നവകേരള രേഖ നിര്‍ദ്ദേശിക്കുന്നു.

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, ജനങ്ങളുടെ നിക്ഷേപ ശേഖരണം വികസിപ്പിക്കാനുള്ള സാധ്യത പരിഗണിക്കണം. സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും, ജനങ്ങള്‍ക്ക് വ്യത്യസ്ത തരം നിക്ഷേപങ്ങളുണ്ട്. ഈ നിക്ഷേപങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്ന ഒരു സംവിധാനത്തിന്റെ വികസനം പരിഗണിക്കണം. അണക്കെട്ടുകളില്‍ നിന്ന് മണല്‍ ഖനനം ചെയ്യാനുള്ള സാധ്യതയും പരിഗണിക്കണം. നയരേഖ നിര്‍ദേശിക്കുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*