
ഏറ്റുമാനൂർ: വഞ്ചിനാടിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് ആവശ്യപ്പെട്ട് റെയിൽവേ പാർലമെന്റ് കൺസൾട്ടേറ്റ് അംഗം കൂടിയായ എം കെ രാഘവൻ എം പിയ്‌ക്ക് ഫ്രണ്ട്‌സ് ഓൺ റെയിൽസ് കോട്ടയം ജില്ലാ സെക്രട്ടറി ശ്രീജിത്ത് കുമാർ, ഏറ്റുമാനൂർ ചേമ്പർ ഓഫ് കോമേഴ്‌സ് എക്സിക്യൂട്ടീവ് അംഗം ജെ.എം സജീവ് എന്നിവർ നിവേദനം നൽകി.
ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുലർച്ചെ തിരുവനന്തപുരം ഭാഗത്തേയ്ക്ക് ഒരു ട്രെയിന് പോലും സ്റ്റോപ്പ് ഇല്ലാത്തത് വലിയ ഒരു പോരായ്മയായ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. കോട്ടയത്ത് നിന്ന് കണക്ഷൻ ലഭിക്കുന്ന വിധം മെമു സർവീസുകൾ ഇല്ലാത്തതും വഞ്ചിനാടിന്റെ ആവശ്യത്തിന് ആക്കം കൂട്ടുന്നു. എം ജി യൂണിവേഴ്‌സിറ്റി, ഐ സി എച്ച്, ബ്രില്യന്റ് കോളേജ്, ഐ ടി ഐ, അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും ഏറ്റുമാനൂർ സ്റ്റേഷനെ ചുറ്റിപ്പറ്റി സ്ഥിതിചെയ്യുന്നുണ്ട്. അതുപോലെ പാലാ, ഈരാട്ടുപേട്ട, കിടങ്ങൂർ, കുറവിലങ്ങാട്, പോലുള്ള ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് എളുപ്പം എത്തിച്ചേരാൻ സാധിക്കുന്നതും ഏറ്റുമാനൂരിന്റെ സവിശേഷതതയാണ്.
തിരുവനന്തപുരത്ത് ഓഫീസ് ആവശ്യങ്ങൾക്കും RCC പോലുള്ള ആശുപത്രികളിലേയ്‌ക്കും യാത്ര ചെയ്യുന്നതിന് കിലോമീറ്റർ സഞ്ചരിച്ച് ഏറ്റുമാനൂർ സ്റ്റേഷനും കടന്നാണ് ഈ പ്രദേശങ്ങളിൽ നിന്നുള്ളവർ ഇപ്പോൾ കോട്ടയത്തെത്തി ഇപ്പോൾ യാത്ര ആരംഭിക്കുന്നത്. അതിൽ പ്രാദേശിക ബസ് സർവീസുകൾ ആരംഭിക്കുന്നതിന് മുമ്പ് കോട്ടയത്തെത്തിച്ചേരാൻ കഴിയാതെ വിഷമിക്കുന്നവരുമുണ്ട്. പ്രശ്നങ്ങളെ സശ്രദ്ധം ശ്രവിച്ച എം പി യാത്രാക്ലേശം പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് ഉറപ്പ് നൽകുകയും, ഏറ്റുമാനൂരിനോടും ക്ഷേത്രത്തോടും നാട്ടുകാരോടുമുള്ള ആത്മബന്ധം യാത്രക്കാരോട് പങ്കുവെയ്ക്കുകയും ചെയ്തു.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായുള്ള ആദ്യഘട്ട വികസന പ്രവർത്തനങ്ങൾ ഏറ്റുമാനൂരിൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. കോട്ടയം റെയിൽവേ സ്റ്റേഷൻ ‘കാർ പാർക്കിംഗ്’ അടക്കമുള്ള അസൗകാര്യങ്ങൾക്കൊണ്ട് വീർപ്പുമുട്ടുമ്പോൾ ഏറ്റുമാനൂരിൽ വിശാലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. ഏറ്റുമാനൂരിലെ പഴയ സ്റ്റേഷൻ ഇപ്പോൾ പിറവം സെക്ഷനിലെ എഞ്ചിനീയറിങ് ഗോഡൗൺ ആയി പ്രവർത്തിക്കുകയാണ്. റെയിൽവേയ്‌ക്ക് ജില്ലയിൽ കൂടുതൽ സ്ഥലമുള്ളതും ഇപ്പോൾ ഏറ്റുമാനൂരിലാണ്. പദ്ധതിയുടെ പൂർത്തീകരണത്തിൽ കൂടുതൽ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് സ്റ്റോപ്പ് കിട്ടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
Be the first to comment