മുംബൈ ഇന്ത്യൻസിന് തിരിച്ചടി, ജസ്പ്രീത് ബുംറയ്ക്ക് ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകും

ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യൻസിന് തിരിച്ചടി. ആദ്യ മത്സരങ്ങളിൽ സൂപ്പർ താരം ജസ്പ്രീത് ബുംറ കളിക്കില്ലെന്ന് റിപ്പോർട്ട്. പരുക്ക് മൂലം ആദ്യ രണ്ടാഴ്ചയിലെ മത്സരങ്ങളിൽ നിന്ന് ബുംറ മാറി നിൽക്കും. ബുംറ നിലവിൽ ബെംഗ്ലൂരുവിലെ BCCI ക്യാമ്പിൽ ചികിത്സയിലാണ്.

ഈ മാസം 22ന് തുടങ്ങുന്ന ഐപിഎല്ലില്‍ 23ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആണ് മുംബൈയുടെ ആദ്യ മത്സരം. 29ന് ഗുജറാത്തിനെയും 31ന് നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്തയെയും ഏപ്രില്‍ നാലിന് ലഖ്നൗവിനെയുമാണ് മുംബൈ ആദ്യ നാലു കളികളില്‍ നേരിടുക. കഴിഞ്ഞ സീസണില്‍ ഏറ്റവും അവസാന സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്.

ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരുക്കറ്റ് വിശ്രമത്തിലുള്ള പേസര്‍ ജസപ്രീത് ബുംറക്ക് ഐപിഎല്‍ മത്സരങ്ങളും നഷ്ടമാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മുംബൈയുടെ ആദ്യ നാലു കളികളിലും ബുംറക്ക് കളിക്കാനായേക്കില്ല.

പരുക്കില്‍ നിന്ന് മോചിതനായെങ്കിലും ഇപ്പോള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് ബുംറ.നിലവിലെ സാഹചര്യത്തില്‍ ബുംറക്ക് ഏപ്രില്‍ ആദ്യവാരം മാത്രമെ മുംബൈ ഇന്ത്യൻസിനൊപ്പം ചേരാനാകു എന്നാണ് റിപ്പോര്‍ട്ട്.

ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കല്‍ സംഘം നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മാത്രമെ ബുംറക്ക് മുംബൈ ഇന്ത്യൻസിനൊപ്പം എന്ന് ചേരാന്‍ കഴിയുമെന്ന് വ്യക്തമാവു. ഐപിഎല്ലിന് പിന്നാലെ ജൂണില്‍ ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളുടെ പരമ്പര കളിക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*