
തൃശൂര്‍: കേരളത്തിൽ ക്രിസ്ത്യൻ സമുദായത്തെ തകർക്കാൻ ആസൂത്രിത ശ്രമമെന്ന് തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്. ക്രിസ്ത്യൻ കോളജുകളിലും ആശുപത്രികളിലും നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു എന്നും മെത്രാപ്പോലീത്ത പറഞ്ഞു. തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത.
“സമുദായത്തെ വിഭജിച്ച് നശിപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുകയാണ്. സമരങ്ങൾക്ക് പിന്നിൽ സമുദായത്തെ നശിപ്പിക്കാനുള്ള ശക്തികളാണ്. ഈ നീക്കത്തിനെതിരെ നമുക്ക് ഒരുമിച്ച് നിൽക്കണം. എല്ലാ സർക്കാർ സംവിധാനങ്ങളിലും കത്തോലിക്കർ വേണം. രാഷ്ട്രീയ രംഗത്തേക്ക് സാമുദായിക അംഗങ്ങൾ എത്തുന്നില്ല”- ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
രാജ്യത്ത് ക്രൈസ്‌തവർ വെല്ലുവിളികൾ നേരിടുന്നു എന്നും മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി. രാഷ്ട്രനിർമിതിക്ക് ക്രൈസ്‌തവർ നൽകിയ സംഭാവനകൾ വിസ്‌മരിക്കപ്പെടുന്നു. രാജ്യത്ത് സിറിയൻ കാത്തലിക്‌സ് അതിവേഗം ഇല്ലാതാകുന്നു.
പെൺകുട്ടികൾ വിവാഹം വേണ്ടെന്ന് പറയുകയാണ്. പുതു തലമുറ ജനിക്കുന്നില്ല. പലരും നാട് വിടുന്നു. യുവാക്കൾ അന്യ രാജ്യത്ത് ലഹരിക്ക് അടിമപ്പെടുന്നു. അതിവേഗം ഇല്ലാതാകുന്ന രണ്ടാമത്തെ സമുദായമായി കാത്തലിക്‌സ് മാറി. ഈ സ്ഥിതിക്ക് മാറ്റം വരണമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
Be the first to comment