
മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിൽ അനാവശ്യ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ. അർഹതപ്പെട്ടവരെ മുഴുവൻ ലിസ്റ്റിൽ ഉൾപ്പെടുത്തും. പൂർണമായും വീട് നഷ്ടപ്പെട്ടവരുടെ ലിസ്റ്റിലേയ്ക്ക് മാത്രമേ കടന്നിട്ടുള്ളൂ. സർക്കാരിന്റെ മാനദണ്ഡങ്ങളിൽ ആർക്കും തർക്കമില്ല. മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ല എന്നതിലാണ് പരാതിയെന്നും കെ രാജൻ പറഞ്ഞു.
പൂർണമായും ഡി.സി.എം.എയുടെ അധികാരമാണ് ഇപ്പോൾ. സർക്കാർ ഇടപെടേണ്ട ഘട്ടമായിട്ടില്ല. അന്തിമ ലിസ്റ്റ് ആകട്ടെ. അർഹതയുണ്ടായിട്ടും മൂന്ന് ലിസ്റ്റിലും ഉൾപ്പെടാതെ ആരും പോകില്ലെന്ന് മന്ത്രി പറഞ്ഞു. ഈ മാസം ടൗൺഷിപ്പ് പ്രവർത്തനം ആരംഭിക്കും. നിയമസഭ കഴിഞ്ഞാൽ ഉടൻ അതിലേക്ക് കടക്കും. സുതാര്യമായിരിക്കുമെന്നും പുനരധിവാസത്തിൽ ഒറ്റക്കെട്ടായി നിൽക്കണമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.
പുനരധിവാസ കരടുപട്ടികയെ ചൊല്ലിയുള്ള വിവാദത്തിലായിരുന്നു മന്ത്രി മറുപടി. പട്ടികയിൽ അപാകതയുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉപാധ്യക്ഷനായുള്ള ജില്ലാ ദുരന്ത നിവാരണ അതേറിറ്റിയ്ക്കാണ് ഉത്തരവാദിത്തമെന്നും സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ. ജെ ബാബു പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറിക്ക് മറുപടിയുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ രംഗത്തെത്തിയിരുന്നു. ജില്ലാ പഞ്ചായത്തും ജനകീയ സമിതിയും ചേർന്ന് ആദ്യഘട്ടത്തിൽ തന്നെ തയ്യാറാക്കിയതാണെന്നും എന്നാൽ ഈ ലിസ്റ്റ് പരിഗണിച്ചില്ലെന്നുമാണ് സംഷാദ് മരയ്ക്കാരുടെ വാദം.
Be the first to comment