‘തൊഴിലാളി വഞ്ചകരുടെ മാമാങ്കമാണ് കൊല്ലത്ത്, പിണറായി സർക്കാർ അധികാരമൊഴിയുന്നതാണ് ജനനന്മയ്ക്ക് നല്ലത്’; കെ. മുരളീധരൻ

തൊഴിലാളി വഞ്ചകരുടെ മാമാങ്കമാണ് കൊല്ലത്ത് നടക്കുന്നതെന്ന് മുൻ കെപിസിസി പ്രസിഡൻറ് കെ. മുരളീധരൻ. തൊഴിലാളികളും പാവപ്പെട്ടവരും കർഷകരും അടങ്ങുന്ന ജനസമൂഹത്തെ വഞ്ചിച്ച ഭരണകൂടപാർട്ടിയുടെ മാമാങ്കസമ്മേളനമാണ് കൊല്ലത്തരങ്ങേറുന്നത്.

ജനവിശ്വാസം നഷ്ടപ്പെട്ട പിണറായി സർക്കാർ എത്രയും വേഗം അധികാരമൊഴിയുന്നതാണ് ജനനന്മയ്ക്ക് നല്ലതെന്നും കെ . മുരളീധരൻ അഭിപ്രായപ്പെട്ടു. വട്ടിയൂർക്കാവ് ഐ എൻ ടി യു സി നിയോജകമണ്ഡലം കമ്മിറ്റി പേരൂർക്കടയിൽ സംഘടിപ്പിച്ച തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ തൊഴിൽ നയം പിന്തുടരുന്ന പിണറായി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പിണറായി വിജയൻ അവതരിപ്പിച്ച നവകേരളനയരേഖ ആടിനെ പട്ടിയാക്കുന്നതാണെന്നും പൊളിഞ്ഞ വാചകമേളയായി രേഖ മാറുമെന്നും കെ.മുരളീധരൻ പരിഹസിച്ചു.

നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിക്കാൻ സ്വകാര്യവത്കരിക്കുന്നതിൽ തെറ്റില്ലെന്ന നയം 1992 ൽ ഐഎൻടിയുസി അംഗീകരിച്ചതാണ് . സിപിഐഎമ്മിന് വൈകിയേ ബുദ്ധിയുദിക്കുകയുള്ളൂ എന്നതിന്റെ ഒടുവിലത്തെ തെളിവാണ് കൊല്ലത്തെ സിപിഐഎം നയരേഖ.

ലാഭത്തിൽ പ്രവർത്തിക്കുന്ന മഹാരത്ന കമ്പനികൾ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കാൻ മോദി സർക്കാർ തീരുമാനിച്ചപ്പോൾ അതിനെതിരെ ദേശീയതലത്തിൽ തൊഴിലാളി ഐക്യം ഉണ്ടാക്കാൻ മുൻകൈയെടുത്തതും ഐഎൻടിയുസി ആണെന്ന് മുരളീധരൻ ഓർമിപ്പിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*