‘ഹെറോയിന് ഒപ്പം ക്രിസ്റ്റല്‍ മെത്ത് സാംപിളുകള്‍ ഫ്രീ’; ലഹരി പാക്ക് അതിര്‍ത്തി കടക്കുന്ന വിപണന തന്ത്രം

ചണ്ഡീഗഢ്: പാകിസ്ഥാനില്‍ നിന്നും പഞ്ചാബ് വഴി ഇന്ത്യയിലേക്കുള്ള ലഹരിമരുന്ന് കടത്ത് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഹെറോയിന്‍, ‘ഐസിഇ, ക്രിസ്റ്റല്‍ മെത്ത്’ എന്ന അറിയപ്പെടുന്ന മെത്താംഫെറ്റാമൈന്‍ എന്നിവയുടെ കടത്താണ് മുന്‍വര്‍ഷങ്ങളേക്കാള്‍ വര്‍ധിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്. ‘വണ്‍-പ്ലസ്-വണ്‍’ എന്ന് വിളിക്കപ്പെടുന്ന നിലയില്‍ ഹെറോയിനിനൊപ്പം മെത്താംഫെറ്റാമൈനിന്റെ സൗജന്യ സാമ്പിളുകള്‍ നല്‍കിയാണ് ഇപ്പോള്‍ ലഹരി വ്യാപാരം പുരോഗമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 ല്‍ രണ്ട് കിലോ ക്രിസ്റ്റല്‍ മെത്ത് ആയിരുന്നു പഞ്ചാബ് പൊലീസ് പിടികൂടിയത്. 2023 ല്‍ ഈ കണക്ക് 22 കിലോ ആയി ഉയര്‍ന്നു. ഈ കണക്ക് മാത്രം മതി സംസ്ഥാനത്തെ ലഹരി മരുന്ന് വ്യാപനത്തിന്റെ തോത് തിരിച്ചറിയാന്‍.

പ്രത്യേക പരിശോധനയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് കിലോ ക്രിസ്റ്റല്‍ മെത്ത് ആണ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം അമൃതസര്‍ പൊലീസ് രണ്ട് പേരില്‍ നിന്നായി മൂന്ന് കിലോ ഹെറോയിനും ഒരു കിലോ ക്രിസ്റ്റല്‍ മെത്തും പിടികൂടിയിരുന്നു. വരില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് പാകിസ്ഥാനിയായ ലഹരിമരുന്ന് കള്ളക്കടത്തുകാരന്‍ ഡോഗര്‍ രാജ്പുത്തിലേക്കുള്ള വിവരങ്ങള്‍ ലഭിച്ചത്. ഖാദൂര്‍ സാഹിബ് എംപിയും ഖലിസ്ഥാന്‍ അനുകൂല നേതാവുമായ അമൃത്പാല്‍ സിങ്ങിന്റെ സഹോദരന്‍ ഹര്‍പ്രീത് സിങ്, കൂട്ടാളി ലവ്പ്രീത് സിങ് എന്നിവരില്‍ നിന്നും കഴിഞ്ഞ വര്‍ഷം ക്രിസ്റ്റല്‍ മെത്ത് കണ്ടെടുത്തിരുന്നു. ജലന്ധര്‍ റൂറല്‍ പൊലീസിന്റെ പരിധിയിലാണ് ഇതുസംബന്ധിച്ച കേസ് നിലവിലുള്ളത്. 2022ല്‍, ലുധിയാനയില്‍ നിന്ന് 20 കിലോ ക്രിസ്റ്റല്‍ മെത്ത് പിടിച്ചെടുത്തിരുന്നു. ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) കണ്ടെടുത്ത ഈ ലഹരിമരുന്ന് ശേഖരം മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്താന്‍ എത്തിച്ചതായാണ് വിലയിരുത്തുന്നത്.

ക്രിസ്റ്റല്‍ മെത്ത് അമിതമായി പഞ്ചാബില്‍ എത്തുന്ന സാഹചര്യത്തിന് പിന്നില്‍ കള്ളക്കടത്തുകാരുടെ വിപണന തന്ത്രം കൂടിയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അന്താരാഷ്ട്ര വിപണിയില്‍ പൊതുവില്‍ കുറഞ്ഞ വിലയാണ് ക്രിസ്റ്റല്‍ മെത്തിന് ഉള്ളത്. ഹെറോയിനെ അപേക്ഷിച്ച് പത്തിലൊന്ന് മാത്രമാണ് മെത്തിന്റെ വിപണി വില.

ഈ സാഹചര്യത്തില്‍ കള്ളക്കടത്തുകാര്‍ ഹെറോയിന്‍ ഉള്‍പ്പെടെയുള്ള മറ്റ് ലഹരി വസ്തുക്കള്‍ക്ക് ഒപ്പം സൗജന്യമായി അയച്ചു നല്‍കുകയും ചെയ്യുന്നുണ്ടെന്നും പൊലീസ് വിശദീകരിക്കുന്നു. ഇതിലൂടെ മയക്കുമരുന്നിന് ഒരു വിപണി സൃഷ്ടിക്കുകയാണ് ലക്ഷ്യം. പ്രാദേശിക ഏജന്റുമാര്‍ക്ക് അധിക ലാഭം ലഭിക്കുന്ന അവസ്ഥയും ഇതിലൂടെ കൈവരുന്നു. ഡ്രോണുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ഇത്തരത്തില്‍ ലഹരിമരുന്ന വിപണം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് കള്ളക്കടത്തുകാരന്‍ ഹാജി സലിം എന്നറിയപ്പെടുന്ന ഹാജി ബലൂച്ചാണ് ക്രിസ്റ്റല്‍ മെത്ത് വിതരണത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് എന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. അഫ്ഗാനിസ്ഥാനില്‍ ഉല്‍പ്പാദിപ്പിക്കുന്ന ക്രിസ്റ്റല്‍ മെത്ത് പാകിസ്ഥാന്‍ വഴിയാണ് പുറത്തെത്തുന്നത്. താലിബാന്‍ അധികാരത്തില്‍ എത്തിയതോടെ അഫ്ഗാനിലെ കറുപ്പ് കൃഷിക്ക് വന്ന നിയന്ത്രണമാണ് ക്രിസ്റ്റല്‍ മെത്ത് നിര്‍മാണം വര്‍ധിക്കാന്‍ ഇടയായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*