‘കാലഘട്ടത്തിന് യോജിച്ച സമീപനം അല്ല തന്ത്രിമാരുടേത്, കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി അധിക്ഷേപം സാംസ്‌കാരിക കേരളത്തിന് അപമാനം’: മന്ത്രി വി എൻ വാസവൻ

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി അധിക്ഷേപം സാംസ്‌കാരിക കേരളത്തിന് അപമാനകരമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ നിയമസഭയില്‍ പറഞ്ഞു. ബാലുവിനെ അതെ പോസ്റ്റിൽ നിയമിക്കണമെന്നാണ് സർക്കാർ നിലപാട്.

ദേവസ്വം നിയമിച്ച ബാലു ഈഴവ സമുദായത്തില്‍ നിന്നുള്ളയാള്‍ ആണ്. നിയമപ്രകാരമാണ് ബാലുവിനെ നിയമിച്ചത്. ബാലു കഴകക്കാരനായി ജോലി ചെയ്‌തേ മതിയാകൂ. ജോലി നിഷേധിച്ചത് സാംസ്‌കാരിക കേരളത്തിന് അപമാനം ആണെന്നും മന്ത്രി വ്യക്തമാക്കി.

നവോത്ഥാന നായകര്‍ ഉഴുതുമറിച്ച നാടാണ് കേരളം. ഇപ്പോഴും കേരളത്തില്‍ ജാതി അധിക്ഷേപം നിലനില്‍ക്കുന്നു. കാലഘട്ടത്തിന് യോജിച്ച സമീപനം അല്ല തന്ത്രിമാരുടേത് എന്നും മന്ത്രി വ്യക്തമാക്കി. അതേസമയം തന്ത്രിമാരുടെ നിലപട് മതേതര കേരളത്തിന്റെ പുരോഗമന നിലപാടുകള്‍ക്കെതിരെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു.

കൂടല്‍ മാണിക്യം ദേവസ്വത്തില്‍ പിന്നാക്കക്കാരനെ കഴകം ചുമതലയില്‍ നിന്ന് മാറ്റിയത് അംഗീകരിക്കാനാകില്ലെന്ന് പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ഒ ആര്‍ കേളു പറഞ്ഞു. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി നിയമാനുസൃത രീതികളിലൂടെ തെരഞ്ഞെടുത്ത നിയമനമാണിത്.

തന്ത്രിമാരെടുത്ത നിലപട് മതേതര കേരളത്തിന്റെ പുരോഗമന നിലപാടുകള്‍ക്കെതിരാണ്. മനുവാദികള്‍ക്ക് പ്രോത്സാഹനമേകുന്ന ഇത്തരം നിലപാടുകള്‍ കേരളത്തിന്റെ സാംസ്‌കാരിക ബോധത്തിനെതിരാണ്. ജാതിയുടെ അടിസ്ഥാനത്തില്‍ ഒരാളെ തൊഴിലില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് ഏത് അവസ്ഥയിലും തെറ്റാണെന്നും മന്ത്രി ഒ ആര്‍ കേളു വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*