ഐപിഎല്ലില്‍ മദ്യം, പുകയില പരസ്യങ്ങള്‍ വേണ്ട; നിര്‍ദ്ദേശിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ഈ മാസം 22 മുതല്‍ ആരംഭിക്കുന്ന ഐപിഎല്‍ പോരാട്ടത്തിന്റെ പുതിയ സീസണില്‍ മദ്യം, പുകയില എന്നിവയുമായി ബന്ധപ്പട്ട പരസ്യങ്ങളും പ്രമോഷനുകളും ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഐപിഎല്‍ അധികൃതര്‍ക്കാണ് നിര്‍ദ്ദേശം. മത്സരങ്ങള്‍ക്കിടെ സ്റ്റേഡിയം പരിസരങ്ങളില്‍ മദ്യം, പുകയില എന്നിവയുടെ പരസ്യങ്ങള്‍ പാടില്ല. ദേശീയ ടെലിവിഷന്‍ ചാനലുകളില്‍ ഉള്‍പ്പെടെ സംപ്രേഷണം ചെയ്യുന്ന പ്രമോഷനുകള്‍ ഉള്‍പ്പെടെ ആവശ്യമില്ലെന്നും മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ഐപിഎല്‍ അധികൃതര്‍ക്കു നിര്‍ദ്ദേശം നല്‍കി.

ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ സിങ് ധുമലിന് ഡിജിഎച്ച്എസ് അതുല്‍ ഗോയല്‍ അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മദ്യവുമായോ പുകയിലയുമായോ ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളെ നേരിട്ടോ അല്ലാതെയോ അംഗീകരിക്കുന്ന കമന്റേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള കായിക താരങ്ങളുടെ പ്രചാരണം നിരുത്സാഹപ്പെടുത്തണമെന്നു കത്തില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പുകയില, മദ്യ ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ ഡിജിഎച്ച്എസ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) സമാനമായി കത്ത് അയച്ചിരുന്നു. കായിക താരങ്ങള്‍ ഇത്തരം ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ കായിക താരങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നത് യുവാക്കള്‍ക്കിടിയില്‍ ഈ ഉത്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കുമെന്നു അതുല്‍ ഗോയല്‍ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*