
വയനാട് മാനന്തവാടിയിൽ പ്രതിയുമായി പോയ പോലീസ് ജീപ്പ് മറിഞ്ഞ് അപകടം. കണ്ണൂരിൽ നിന്നും പ്രതിയുമായി ബത്തേരിയിലേക്ക് പോവുകയായിരുന്ന അമ്പലവയൽ സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ വഴിയോര കച്ചവടക്കാരൻ മരിച്ചു. വള്ളിയൂർക്കാവ് തോട്ടുങ്കൽ ശ്രീധരൻ (65) ആണ് മരിച്ചത്.
ഇന്ന് മൂന്ന് മണിയോടുകൂടിയായിരുന്നു അപകടം നടന്നത്. പ്രദേശത്ത് മഴ പെയ്ത് റോഡ് നനഞ്ഞ നിലയിൽ ആയിരുന്നതിനാൽ വാഹനം സ്ലിപ്പായി പോയതാണെന്നാണ് നിഗമനം. ബത്തേരി കോടതിയിൽ ഹാജരാകേണ്ട മോഷണ കേസിലെ പ്രതിയുമായി പോകുകയായിരുന്ന ജീപ്പ് വള്ളിയൂർകാവിനടുത്ത് വെച്ച് ചേമ്പ് കച്ചവടം നടത്തിയിരുന്ന ശ്രീധരനെ ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് ആൽമരത്തിൽ ഇടിച്ച് തലകീഴായി മറിയുകയുമായിരുന്നു. ജീപ്പിനകത്തുണ്ടായിരുന്ന പൊലീസുകാർക്കും പ്രതിക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ജീപ്പ് ഇടിച്ചിട്ട ശ്രീധരനെ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സിപിഒമാരായ കെ ബി പ്രശാന്ത്, ജോളി സാമുവൽ, വി കൃഷ്ണൻ, പ്രതിയായ തലശ്ശേരി മാഹി സ്വദേശി പ്രബീഷ് എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്.
അതേസമയം, അപകടത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. പോലീസ് ജീപ്പ് മാറ്റാനുള്ള നീക്കത്തിലാണ് പ്രതിഷേധം. അപകടമുണ്ടാകാന്‍ കാരണം പോലീസ് ജീപ്പിന്റെ അമിത വേഗമെന്നാണ് ആരോപണം. ജീപ്പിന്റെ ടയറുകള്‍ തേഞ്ഞു തീര്‍ന്നതെന്നും ആക്ഷേപമുണ്ട്. ആര്‍ഡിഒ ഉടൻ സ്ഥലത്തെത്തണമെന്നും പ്രതിഷേധക്കാർ പറയുന്നു.
Be the first to comment