
കാസർകോട്: യുവാക്കളും കുട്ടികളും സ്ഥിരമായി പടന്നക്കാട്ടെ പ്രധാനമന്ത്രി ഭാരതീയ ജൻഔഷധിയിൽ എത്തിയത് ശ്രദ്ധയിൽപെട്ട നാട്ടുകാർ എക്സൈസിനെ വിവരം അറിയിച്ചു. ഇതിനുപിന്നാലെ, എക്സൈസ് ഉദ്യോഗസ്ഥർ ആദ്യം ജൻഔഷധി കേന്ദ്രത്തില്‍ പ്രത്യേകം നിരീക്ഷണം നടത്തി. സംഭവം സത്യമാണെന്നു തിരിച്ചറിഞ്ഞതോടെ പടന്നക്കാട്ടെ ജൻഔഷധിയിൽ എകസൈസ് മിന്നൽ പരിശോധന നടത്തി. പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് എക്‌സൈസിന് ലഭിച്ചത്.
വേദനസംഹാരി ഗുളികകള്‍ മരുന്നിന്‍റെ കുറിപ്പടി പോലും ഇല്ലാതെ വില്‍പന നടത്തിയിരുന്നു. കുട്ടികൾക്ക് അടക്കം ഇവിടെ നിന്ന് ഇത്തരം ഗുളികകള്‍ വിൽപന നടത്തി. ഞരമ്പ് രോഗവുമായി ബന്ധപ്പെട്ട മരുന്നാണ് ഇത്. കൃത്യമായി സ്റ്റോക്ക് രേഖപ്പെടുത്തണമെന്നും ഡോക്‌ടറിന്‍റെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രമേ മരുന്ന് നൽകാൻ പാടുള്ളൂ എന്നാണ് ചട്ടം. എന്നാല്‍ ഈ ചട്ടങ്ങളൊന്നും ജൻഔഷധി പാലിച്ചിരുന്നില്ല.
വലിയ രീതിയിൽ ഈ മരുന്ന് സ്റ്റോക്ക് ചെയ്‌തു വച്ചിരുന്നു. അധിക വില ഈടാക്കിയാണോ വിൽപന നടത്തിയതെന്നും സംശയമുണ്ട്. സമീപ പ്രദേശങ്ങളിൽ ഉള്ള കുട്ടികളും ദൂര പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളും ഇവിടെ ഇത് വാങ്ങാനായി എത്തിയിരുന്നു. സംഭവത്തിൽ ജൻഔഷധിയുടെ പടന്നക്കാട്ടെ വിൽപന കേന്ദ്രത്തിന്‍റെ ലൈസൻസ് റദ്ദാക്കുന്നതിന് എക്സൈസ് ശുപാർശ നൽകി.
ഇതിന്‍റെ ആദ്യ നടപടി എന്ന നിലയിൽ കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് ഡ്രഗ് ഇൻസ്‌പെക്‌ടര്‍ ഇ.എൻ ബിജിൻ പറഞ്ഞു. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ജോയ് ജോസഫിന്‍റെ നിർദേശാനുസരണം ഹൊസ്‌ദുര്‍ഗ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്‌ടര്‍ വി.വി. പ്രസന്നകുമാർ, ഡ്രഗ് ഇൻസ്‌പെക്‌ടര്‍ ഇ.എൻ. ബിജിൻ എന്നിവരുടെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.
മരുന്നു വില്‍പന കേന്ദ്രങ്ങൾ പാലിക്കേണ്ട നിയമങ്ങളിലും രീതികളിലും വലിയ വീഴ്‌ച ഉണ്ടായെന്നാണ് കണ്ടെത്തൽ. മരുന്നുകൾ പലതും സ്റ്റോക്ക് രജിസ്റ്ററിൽ ഇല്ല. സ്റ്റോക്കിൽ കാണിച്ചിരിക്കുന്നതിൽ പലതും കടയിൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, മാരക ലഹരി കണ്ടെത്താൻ യുവാക്കള്‍ ഇത്തരം വേദനസംഹാരികള്‍ ദുരപയോഗം ചെയ്‌ത സംഭവങ്ങള്‍ മുമ്പും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
Be the first to comment