ഹിന്ദുക്കളുടെ രീതിയിൽ ഇറച്ചി വെട്ടുന്ന കടകൾക്ക് മൽഹാർ സർട്ടിഫിക്കറ്റ്; ഹലാൽ ചിക്കന് ബദൽ അവതരിപ്പിച്ച് മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി

ഹലാൽ ചിക്കന് ബദലായി മഹാരാഷ്ട്രയിൽ മൽഹാർ സർട്ടിഫിക്കറ്റ് അവതരിപ്പിച്ച് ഫിഷറീസ് മന്ത്രി നിതേഷ് റാണെ. ഹിന്ദുക്കളുടെ രീതിയിൽ ഇറച്ചി വെട്ടുന്ന ഇറച്ചിക്കടകൾക്കാണ് സർട്ടിഫിക്കറ്റ് നൽകുക. ഇതിനായി ഒരു വെബ്സൈറ്റും അവതരിപ്പിച്ചിട്ടുണ്ട്. നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകളും നടക്കുന്നു.

നിതേഷ് റാണെ ഇന്നലെ പുറത്തിറക്കിയ വെബ് സൈറ്റിൽ എന്താണ് മൽഹാർ സർട്ടിഫിക്കറ്റ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദു ആചാരപ്രകാരം വെട്ടുന്ന ഇറച്ചിക്കടകൾക്കാണ് മൽഹാർ സർട്ടിഫിക്കറ്റ് നൽകുക. വൃത്തിയുള്ളതും, ഉമിനീർ കലരാത്തതും, മറ്റ് മാംസങ്ങളൊന്നും ഇല്ലാത്തതുമായ ഇറച്ചി. ഹിന്ദുക്കളായിരിക്കണം കട നടത്തേണ്ടത്.

മുംബൈയിൽ ഏതാണ്ട് 90 ശതമാനവും മുസ്ലീം സമുദായത്തിൽപെട്ടവരാണ് ഇറച്ചിക്കട നടത്തുന്നത്. വെബ്സൈറ്റിൽ ഏതാണ്ട് ഇരുപതോളം കടകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും പൂനെയിൽ നിന്നാണ്. കേരളത്തെ മുൻപ് പാക്കിസ്ഥാനോട് ഉപമിച്ചയാളാണ് നിതേഷ് റാണെ. അദ്ദേഹം നടത്തിയ വർഗീയ പരാമർശങ്ങൾ നിരവധിയാണ്. ഏതായാലും ഹിന്ദുക്കളോട് നിതേഷ് ഇപ്പോൾ നടത്തിയ ആഹ്വാനത്തിന് കാര്യമായ പിന്തുണ ലഭിച്ചിട്ടില്ല.

ഭക്ഷണകാര്യത്തിൽ മതപരമായ ഭിന്നിപ്പിനുള്ള സർക്കാർ ശ്രമം ആണോ എന്ന് എൻസിപി ശരദ് പവാർ വിഭാഗവും ചോദിക്കുന്നു. എന്നാൽ ഭരണമുന്നണിയിലുള്ള എൻസിപി ഇത് സർക്കാർ തീരുമാനം അല്ലെന്നും സ്വന്തം നിലയ്ക്ക് നിതേഷ് തുടങ്ങിയതാണെന്നും വിശദീകരിക്കുന്നു. ശിവസേനാ ശിൻഡെ വിഭാവും ബിജെപിയിലെ ചില നേതാക്കളും സർട്ടിഫിക്കറ്റ് കൊണ്ടു വന്നാലും എന്ത് വാങ്ങണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാമെന്ന പ്രതികരണമാണ് നടത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*