കളമശേരിയിൽ 10 കിലോ കഞ്ചാവ് പിടിച്ചെടുത്തത് ഗൗരവമേറിയ വിഷയം’: അലോഷ്യസ് സേവ്യർ

കളമശേരിയിലേത് ഗൗരവമേറിയ വിഷയമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. വിദ്യാർത്ഥികൾക്കിടയിൽ ലഹരി പിടിമുറുക്കി എന്നതിന്റെ തെളിവാണ് കളമശേരി വിഷയം.10 കിലോ കഞ്ചാവ് അവിടെ നിന്ന് പിടിച്ചെടുത്തത് ഗൗരവമേറിയ വിഷയം.

രാഷ്ട്രീയത്തിന് അതീതമായി ലഹരി ഉപയോഗിക്കുന്നവരെയും ലഹരിയുടെ ശൃംഖലയിലായവരെയും സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരണമെന്നും അലോഷ്യസ് സേവ്യർ അഭ്യർത്ഥിച്ചു.

രാഷ്ട്രീയത്തിന് അതീതമായ ഒരു ഇടപെടൽ ആണ് വേണ്ടത്. കെഎസ്‌യുവിന് ലഹരി വിരുദ്ധ പോരാട്ടത്തിൽ രാഷ്ട്രീയമില്ല. എല്ലാവരും ഒന്നിക്കണം. സർക്കാരിന് കലവറ ഇല്ലാത്ത പിന്തുണ KSU പ്രഖ്യാപിക്കുന്നു. കൂട്ടായി ക്യാമ്പസുകളിൽ നിന്ന് ലഹരിയെ തുടച്ചുനീക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ മെന്‍സ് ഹോസ്റ്റലിലാണ് വന്‍ കഞ്ചാവ് വേട്ട നടന്നത്. പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ 10 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 3 വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. കൂട്ടാളികള്‍ ഓടി രക്ഷപ്പെട്ടു.

ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപള്ളി സ്വദേശി അഭിരാജ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മറ്റൊരു വിദ്യാര്‍ത്ഥി ആകാശിന്റെ മുറിയില്‍ നിന്ന് 1.9 കിലോ കഞ്ചാവ് പിടികൂടി. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.

ഇന്നലെ രാത്രിയാണ് പൊലീസ് മിന്നല്‍ പരിശോധന നടത്തിയത്. ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാര്‍ഥികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രാത്രി തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെ നാല് മണി വരെ 7 മണിക്കൂറോളം നീണ്ടു. റെയ്ഡിനായി ഡാന്‍സാഫ് സംഘം എത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ കൊച്ചി നര്‍ക്കോട്ടിക് സെല്‍ എസിപി അബ്ദുല്‍സലാം പ്രതികരിച്ചു. തൂക്കി വില്‍പ്പനക്കുള്ള ത്രാസ് അടക്കം കണ്ടെത്തി.

Be the first to comment

Leave a Reply

Your email address will not be published.


*