
തൃശൂര്‍: കളമശ്ശേരി ഗവണ്മെന്റ് പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. സിറ്റര്‍ ജോയന്റ് ഡയറക്ടര്‍ ആനി എബ്രഹാമിനെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. തനിക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍ യൂണിയന് ഭാരവാഹി കേസില്‍ ഉള്‍പ്പെട്ടതായി വിവരം ലഭിച്ചിട്ടില്ല. ലഹരിക്കെതിരെ 3500 ജനജാഗ്രത സദസുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി ബിന്ദു പറഞ്ഞു.
കളമശേരി പോളിടെക്നിക് കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ച സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോളിടെക്നിക് അധികൃതര്‍ നടപടി സ്വീകരിച്ചു. കേസിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികളായ അഭിരാജ്, ആകാശ്, ആദിത്യന് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. കോളജ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സംഭവത്തില്‍ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അധ്യാപകരടങ്ങുന്ന സമിതി അന്വേഷണം നടത്തുമെന്നാണ് അറിയിപ്പ്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോസ്റ്റലില്‍ നാര്‍ക്കോട്ടിക്, ഡാന്‍സാഫ്, പൊലീസ് സംഘം റെയ്ഡ് നടത്തിയത്. രാത്രി ഒമ്പതു മണിക്ക് തുടങ്ങിയ പരിശോധന ഏഴുമണിക്കൂറോളം നീണ്ടു. രണ്ടു കിലോ കഞ്ചാവ്, പൊടിക്കാനുപയോഗിക്കുന്ന യന്ത്രം, തൂക്കാനുള്ള ഇലക്ട്രോണിക് ത്രാസ്, വില്‍ക്കാനുള്ള ചെറിയ പ്ലാസ്റ്റിക് പായ്ക്കറ്റുകള്‍, മദ്യക്കുപ്പികള്‍, ഗര്‍ഭ നിരോധന ഉറകള്‍ തുടങ്ങിയവ പരിശോധനയില്‍ കണ്ടെടുത്തിരുന്നു.
പിടിയിലായ കൊല്ലം സ്വദേശി അഭിരാജ് എസ്എഫ്ഐ നേതാവും കോളജ് യൂണിയന് ജനറല്‍ സെക്രട്ടറിയുമാണ്. ആകാശിന്റെ മുറിയില്‍ നിന്നും 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. അഭിരാജ്, ആദിത്യന് എന്നിവരുടെ മുറിയില്‍ നിന്നും കവര്‍ ഉള്‍പ്പെടെ 9.70 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. അഭിരാജ്, ആദിത്യന് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
Be the first to comment