
ജയ്പുര്‍: തുടരെ അഞ്ചാം സീസണിലും രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ ഒരുങ്ങുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. രാഹുല്‍ ദ്രാവിഡാണ് രാജസ്ഥാന്റെ പുതിയ പരിശീലകന്‍. ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് സമ്മാനിച്ച ശേഷം അദ്ദേഹം പടിയിറങ്ങിയിരുന്നു. പിന്നാലെയാണ് ദ്രാവിഡ് രാജസ്ഥാന്‍ പരിശീലകനായി ചുമതലയേറ്റത്. ദ്രാവിഡിന്റെ നേതൃപാടവ മികവ് തന്റെ സമീപനത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നു പറയുകയാണ് സഞ്ജു.
2012- 13 കാലത്ത് രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിരുന്ന സമയത്താണ് സഞ്ജു രാജസ്ഥാന്റെ ട്രയല്‍സില്‍ പങ്കെടുക്കുന്നത്. അങ്ങനെയാണ് ദ്രാവിഡ് സഞ്ജുവിനെ കണ്ടെത്തിയത്. പിന്നീട് 2014-15 സീസണില്‍ ദ്രാവിഡ് ടീമിന്റെ മെന്ററായിരുന്നു. ആ സമയത്ത് യുവ താരമായിരുന്ന താന്‍ ഇന്ന് ക്യാപ്റ്റന്‍സിയിലേക്ക് എത്തി നില്‍ക്കുന്നുണ്ടെങ്കില്‍ ആ യാത്ര രൂപപ്പെടുത്തിയത് ദ്രാവിഡിന്റെ ഉപദേശങ്ങളാണെന്നും സഞ്ജു പറയുന്നു.
‘എന്റെ ആദ്യ സീസണില്‍ ട്രയല്‍സില്‍ എന്നെ കണ്ടെത്തിയതു തന്നെ രാഹുല്‍ സാറാണ്. അന്ന് ക്യാപ്റ്റനായിരുന്ന അദ്ദേഹം യുവ പ്രതിഭകളെയാണ് തേടിയത്. ട്രയല്‍സിനു പിന്നാലെ അദ്ദേഹം എന്റെ അരികില്‍ വന്നു എന്നോടു ചോദിച്ചു, നിങ്ങള്‍ എന്റെ ടീമില്‍ കളിക്കാമോ എന്നായിരുന്നു. അന്നും ഇന്നും ആ നിമിഷം എനിക്കു അവിശ്വസനീയമായിരുന്നു. ഇപ്പോള്‍ ഞാന്‍ ആ ടീമിന്റെ ക്യാപ്റ്റനാണ്. രാഹുല്‍ സാര്‍ വര്‍ഷങ്ങള്‍ക്കു ശേഷം ടീമിനെ പരിശീലിപ്പിക്കാന്‍ തിരിച്ചെത്തിയിരിക്കുന്നു.’
‘ഇതൊരു സവിശേഷ അനുഭവമാണ്. അദ്ദേഹം എക്കാലത്തും രാജസ്ഥാന്‍ റോയല്‍സ് കുടുംബാംഗമാണ്. അദ്ദേഹത്തെ തിരികെ ലഭിച്ചതില്‍ ഞങ്ങളെല്ലാം സന്തോഷിക്കുന്നു. രാജസ്ഥാന്‍ റോയല്‍സിലും ഇന്ത്യന്‍ ടീമിലും ഞാന്‍ അദ്ദേഹത്തിനു കീഴില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ക്യാപ്റ്റനാണ്. ഈ ഘട്ടത്തില്‍ അദ്ദേഹം ടീമിന്റെ പരിശീലകനായി നില്‍ക്കുന്നത് എന്നെ സംബന്ധിച്ചു വളരെയേറെ പ്രിയപ്പെട്ട ഒന്നാണ്.’
‘ഇനിയും ധാരാളം കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നു പഠിക്കാനുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ കളത്തിനുള്ളിലും പുറത്തും അദ്ദേഹം എങ്ങനെ മാതൃക തീര്‍ത്തു. സീനിയര്‍ താരങ്ങളുമായും പുതുമുഖ താരങ്ങളുമായും അദ്ദേഹം ഫലപ്രദമായ രീതിയില്‍ എങ്ങനെ ആശയവിനിമയം സാധ്യമാക്കി. ഡ്രസിങ് റൂമില്‍ അദ്ദേഹം എങ്ങനെ ഇടപെട്ടു, ടീം മീറ്റുങ്ങുകള്‍ എങ്ങനെ കൈകാര്യം ചെയ്തു പുതു താരങ്ങളെ അദ്ദേഹം എങ്ങനെ സ്വാഗതം ചെയ്തു ഇതെല്ലാം ഞാന്‍ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹത്തില്‍ നിന്നു പഠിച്ചപ്പോള്‍ എന്റെ നേതൃത്വത്തെക്കുറിച്ചു വ്യക്തമായ ധാരണ എനിക്കു കിട്ടി. ആ സമീപനം പിന്തുടരാനാണ് ഞാന്‍ ശ്രമിക്കുന്നത്.’
അദ്ദേഹത്തിനു ക്ഷീണം തോന്നാറില്ലേ എന്ന ചോദ്യത്തിനു സാംസണ്‍ നല്‍കിയ മറുപടി ഇങ്ങനെ.
‘ക്രിക്കറ്റിനോടു അദ്ദേഹത്തിനുള്ള സ്‌നേഹം, ആദരം അതാണ്. സൈറ്റ്സ്രക്രീനിനടുത്തു നിന്നു സൂര്യ പ്രകാശത്തില്‍ അദ്ദേഹം ഷാഡോ പരിശീലനം ചെയ്യുന്നത് ഞാന്‍ നോക്കി നിന്നതാണ് ഓര്‍മ വന്നത്. ഇപ്പോഴും അദ്ദേഹം കളിയില്‍ പൂര്‍ണമായി ശ്രദ്ധ ചെലുത്തുന്നു. അദ്ദേഹത്തിന്റെ ക്രിക്കറ്റ് അഭിനിവേശത്തില്‍ ധാരാളം നിരീക്ഷിക്കാനും പഠിക്കാനുമുള്ള കാര്യങ്ങളുണ്ട്.’
കര്‍ണാടക ക്ലബ് മത്സരത്തില്‍ ഇളയ മകന്‍ അന്‍വയ്‌ക്കൊപ്പം കളിക്കുന്നതിനിടെ അദ്ദേഹത്തിനു ഇടതു കാലിനു പരിക്കേറ്റിരുന്നു. ഊന്നുവടിയുടെ സഹായത്തോടെ അദ്ദേഹം രാജസ്ഥാന്‍ റോയല്‍സ് പരിശീലന ക്യാംപിലെത്തിയത് ആരാധകര്‍ ഏറ്റെടുത്തിരുന്നു.
‘ഞാന്‍ അകലെ നിന്നും അരികെ നിന്നും അദ്ദേഹത്തെ നിരീക്ഷിക്കാറുണ്ട്. തയ്യാറെടുപ്പിന്റെ എല്ലാ വശങ്ങളും മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നുവെന്നു ഉറപ്പാക്കുന്ന പ്രൊഫഷണലാണ് രാഹുല്‍ സാര്‍. കഴിഞ്ഞ മാസം നാഗ്പുരില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ ചൂടില്‍ പോലും ബാറ്റ്‌സമാന്‍മാരുടേയും ബൗളര്‍മാരുടേയും പരിശീലനം അദ്ദേഹം നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവരുമായി സംവദിച്ചു. സഹ പരിശീലകരുമായി തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തു. എ മുതല്‍ ഇസഡ് വരെയുള്ള ടീമിന്റെ എല്ലാ കാര്യങ്ങളിലും അദ്ദേഹം പ്രതിജ്ഞാബദ്ധമായ ഇടപെടലുകളാണ് അദ്ദേഹം നടത്തുന്നത്.’
‘അദ്ദേഹത്തിന്റെ അത്തരം സമീപനങ്ങളോട് എനിക്ക് കടുത്ത ആരാധനയുണ്ട്. അതു പിന്തുടരാനും ആഗ്രഹിക്കുന്നു’- സഞ്ജു വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോടു പരാജയപ്പെട്ടാണ് രാജസ്ഥാന്‍ റോയല്‍സ് പുറത്തായത്. ഇത്തവണ രാജസ്ഥാന്‍ ആദ്യ പോരിനു 23നു ഇറങ്ങും. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍.
Be the first to comment