‘ചില ദുഷ്‌ടബുദ്ധികളുടെ തലയിലുദിച്ച സമരം’; ആശാ വർക്കർമാർ ജോലി പുനരാരംഭിക്കണമെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: ഓണറേറിയവും വിരമിക്കൽ ആനുകൂല്യങ്ങളും വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ആശാ വർക്കർമാര്‍ സെക്രട്ടേറിയറ്റിന് പുറത്ത് നടന്നുകൊണ്ടിരിക്കുന്ന സമരത്തില്‍ പ്രതികരണവുമായി എൽഡിഎഫ് മുൻ കൺവീനറും മുതിർന്ന സിപിഎം നേതാവുമായ ഇപി ജയരാജൻ. സമരം അനാവശ്യവും രാഷ്‌ട്രീയ പ്രേരിതവുമാണ്.

ആശ വര്‍ക്കര്‍മാരെ ചില ആളുകൾ തെറ്റിദ്ധരിപ്പിച്ചാണ് അനാവശ്യ സമരത്തിനായി സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവന്നതെന്നും ജയരാജൻ പറഞ്ഞു. പ്രതിഷേധങ്ങള്‍ക്ക് സിപിഎം എതിരല്ല. എന്നാൽ ഈ സമരം തീര്‍ത്തും അനാവശ്യമാണ്. രാഷ്‌ട്രീയ ലക്ഷ്യങ്ങളുള്ള ചില ദുഷ്‌ടബുദ്ധികളുടെ തലയിലുദിച്ചതാണ് ഈ സമരം. അതിനാൽ തന്നെ ഇത്തരമൊരു പ്രതിഷേധം തങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.

സമരം ചെയ്യുന്ന ആശാ വർക്കർമാർ അവരുടേ ജോലി പുനരാരംഭിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഈ സർക്കാരുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

വിരമിക്കൽ ആനുകൂല്യങ്ങളും ഓണറേറിയം വർധനവും ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് പുറത്ത് സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിഷേധം നടത്തിവരികയാണ്. എന്നാല്‍ 2023-24 വർഷത്തേക്ക് നാഷണല്‍ ഹെല്‍ത്ത് സ്‌കീം (NHM) പ്രകാരമുള്ള വിവിധ കേന്ദ്ര സ്പോൺസർഷിപ്പ് പദ്ധതികൾക്ക് അവരില്‍ നിന്നും പണം ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സർക്കാറിന്‍റെ വാദം.

എന്നാല്‍ സംസ്ഥാനത്തിന്‍റെ അവകാശവാദങ്ങൾ കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞിരുന്നു. നൽകേണ്ടത് നൽകിയിട്ടുണ്ട്. പക്ഷെ, കേരളം യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചത്. സർട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞാൽ, ആശാ വര്‍ക്കര്‍മാര്‍ക്കും സംസ്ഥാനത്തിനും ആവശ്യമായ തുക നൽകുമെന്നും കേന്ദ്രം അറിയിച്ചു.

അതേസമയം ആശാ വർക്കർമാരുടെ ഇൻസെന്‍റീവുകൾ വർധിപ്പിക്കാൻ എൻഎച്ച്എമ്മിന്‍റെ മിഷൻ സ്റ്റിയറിങ്‌ ഗ്രൂപ്പ് തീരുമാനിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ പാർലമെന്‍റില്‍ പ്രഖ്യാപിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*