
ആലപ്പുഴ: അമ്പലപ്പുഴയിലെ പത്ത് പതിനഞ്ച് പേരാണ് തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പിന്നിലെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍. പാര്‍ട്ടിക്ക് സൈബര്‍ പോരാളികള്‍ ഇല്ലെന്നും അവര്‍ പാര്‍ട്ടി വിരുദ്ധരാണെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി മെമ്പര്‍മാരാണ് പാര്‍ട്ടിയുടെ ശക്തിയെന്നും കെപിസിസി പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.
മറ്റ് പാര്‍ട്ടികളുടെ പരിപാടികളില്‍ പങ്കെടുക്കുന്നത് കേരളത്തില്‍ സര്‍വസാധാരണമായി നടക്കുന്നതല്ലേയെന്നും സുധാകരന്‍ ചോദിച്ചു. ‘എന്റെ കാര്യത്തില്‍ മാത്രമെന്താണ് ഇങ്ങനെ. സൈബര്‍ ഗ്രൂപ്പ് ഓന്റെയൊക്കെ അപ്പൂപ്പന്റെ ഗ്രൂപ്പ്. ഇങ്ങനെയൊരു ഗ്രൂപ്പ് പാര്‍ട്ടിക്കില്ല. പാര്‍ട്ടി മെമ്പര്‍മാരാണ് പാര്‍ട്ടിയുടെ സൈന്യം. സൈബര്‍ ഗ്രൂപ്പ് ഒന്നും പാര്‍ട്ടിയുടെത് അല്ല. അത് ആന്റി ഗ്രൂപ്പാണ്. ആന്റി മാര്‍ക്‌സിസ്റ്റാണ്. എന്നെ മാത്രമല്ല പണ്ട് ശൈലജയെ ചീത്തപ്പറഞ്ഞില്ലേ?. ഇതിനെ പൊളിറ്റിക്കല്‍ ഫാദര്‍ ലെസ്സ്‌നെസ്സ് എന്നാണ് പറയുക. ഇത് മുഴുവന്‍ കള്ളപ്പേരുവച്ചാണ് പറയുന്നത്. അമ്പലപ്പുഴയ്ക്ക് ചുറ്റുമുള്ള ചിലയാളുകളാണ് ഇതിന് പിന്നില്‍. അതിനൊക്കെ നല്ല മറുപടി എന്നെ അറിയാത്തവര്‍ തന്നെ കൊടുക്കുന്നുണ്ട്. ധൈര്യമുണ്ടെങ്കില്‍ പുന്നപ്രയില്‍ വന്ന് പൊതുയോഗം വച്ച് പറയാന്‍ പറയൂ’ – സുധാകരന്‍ പറഞ്ഞു.
‘ഓരോരുത്തര്‍ ഓരോന്ന് പറയുകയാണ്. ഞാന്‍ പിണറായിക്ക് എതിരാണെന്നൊക്കെ. ഞാന്‍ കമ്യൂണിസ്റ്റുകാരനാണ്. പിണറായി വിരുദ്ധനാകേണ്ട കാര്യം എനിക്കെന്താണ്. അങ്ങനെ പറയുന്നവര്‍ക്ക് നാല് പുത്തന്‍ കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടെ. ഞാന്‍ അതിനൊന്നും എതിരല്ല.പക്ഷെ ഞാന്‍ പിണറായി വിജയന് എതിരല്ല. എതിരാവുകയുമില്ല’ – ജി സുധാകരന്‍ പറഞ്ഞു.
Be the first to comment