പാലക്കാട് 38 ഡിഗ്രി സെല്‍ഷ്യസ് വരെ, സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; അള്‍ട്രാവയലറ്റ് വികിരണത്തില്‍ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഈ ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

പാലക്കാട് ജില്ലയില്‍ 38°C വരെയും തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും കൊല്ലം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ചൂട് ഉയരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉയര്‍ന്ന തോതില്‍ അള്‍ട്രാവയലറ്റ് വികിരണമേറ്റ കൊട്ടാരക്കര, കോന്നി, ചങ്ങനാശേരി, ചെങ്ങന്നൂര്‍, മൂന്നാര്‍, തൃത്താല, പൊന്നാനി പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

അള്‍ട്രാവയലറ്റ് സൂചിക എട്ടിനും പത്തിനും ഇടയിലുള്ള പ്രദേശങ്ങളിലാണ് ഓറഞ്ച് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയത്. വിളപ്പില്‍ശാല, കളമശേരി, ഒല്ലൂര്‍, ബേപ്പൂര്‍, ഉദുമ എന്നി പ്രദേശങ്ങളില്‍ മഞ്ഞ അലര്‍ട്ട് ആണ്. അള്‍ട്രാവയലറ്റ് സൂചിക ആറു മുതല്‍ ഏഴു വരെയുള്ള പ്രദേശങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ച പ്രദേശങ്ങളില്‍ അതീവ ജാഗ്രതയും ഗൗരവകരമായ മുന്‍കരുതലുകളും സ്വീകരിക്കണമെന്നാണ് നിര്‍ദേശം.

ജാഗ്രതാനിര്‍ദേശം:

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണം.

പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്.

ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.

 

Be the first to comment

Leave a Reply

Your email address will not be published.


*