നേരിയ ആശ്വാസം: ആശമാര്‍ക്ക് ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

ആശാ വര്‍ക്കേഴ്‌സിന് ഓണറേറിയം അനുവദിക്കാനുള്ള എല്ലാ മാനദണ്ഡങ്ങളും പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്ത്. കഴിഞ്ഞ മാസം 19ന് സര്‍ക്കാര്‍ എടുത്ത തീരുമാനം ഈ മാസം 12 നാണ് ഉത്തരവായി പുറത്തിറങ്ങിയത്. ആശമാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നാണ് ഇതോടെ അംഗീകരിക്കപ്പെട്ടത്.

പ്രതിമാസ ഓണറേറിയം 7000 രൂപയില്‍ നിന്ന് 21000 രൂപയാക്കി വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം അഞ്ച് ലക്ഷം രൂപയായി വര്‍ധിപ്പിക്കുക, ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയ ഉപാധികള്‍ പിന്‍വലിക്കുക തുടങ്ങിയതവയായിരുന്നു ഇവരുടെ പ്രധാന ആവശ്യങ്ങള്‍. ഫെബ്രുവരി മാസം ആറാം തിയതി ആരോഗ്യമന്ത്രി വീണ ജോര്‍ജ് സമരക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഉപാധികള്‍ പിന്‍വലിക്കുന്നതിന് ഒരു സമിതി രൂപീകരിക്കുക എന്നത് ഈ യോഗത്തിലെ പ്രധാന തീരുമാനങ്ങളില്‍ ഒന്നായിരുന്നു. ഫെബ്രുവരി ഏഴിന് ആരോഗ്യ വകുപ്പിലെയും നാഷണല്‍ ഹെല്‍ത്ത് മിഷനിലെ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി അത്തരത്തിലൊരു സമിതി രൂപീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഉപാധികള്‍ പിന്‍വലിക്കുന്ന കാര്യം പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രി ഈ സമിതിയോട് ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 19നാണ് ഓണറേറിയം അനുവദിക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും പിന്‍വലിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി തന്നെ അറിയിക്കുന്നത്. മാര്‍ച്ച് 12ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങി. എന്നാല്‍ ഇന്നാണ് ഉത്തരവ് പുറത്ത് വരുന്നത്.

രാപ്പകല്‍ സമരത്തിന്റെ 36ാം ദിവസമാണ് പ്രതിഷേധം ആശമാര്‍ ശക്തമാക്കിയത്. ഉപരോധ സമരം നടക്കുന്ന ദിവസം തന്നെ ഇവര്‍ക്കായ് പരിശീലന പരിപാടിസംഘടിപ്പിച്ച് സമരം പൊളിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍, പാലിയേറ്റീവ് കെയര്‍ ഗ്രിഡ് എന്നിവ സംബന്ധിച്ചുള്ള പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയായിരുന്നു. ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ വഴി ആശാവര്‍ക്കര്‍മാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പങ്കെടുക്കുന്നവരുടെ ഹാജര്‍ നില ഉള്‍പ്പെടെ കൃത്യമായ അറിയിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. സമരം പൊളിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം വ്യക്തമാക്കുന്നതാണ് ഇതെന്ന് ആശമാര്‍ ആരോപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*