കണ്ണൂരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കണ്ണൂർ പാപ്പിനിശേരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മൊഴികളിൽ ചില സംശയങ്ങളുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മരണകാരണത്തിൽ വ്യക്തത വരുമെന്ന് വളപട്ടണം എസ്എച്ച്ഒ ബി കാർത്തിക് അറിയിച്ചു.

നിലവിൽ കുടുംബത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. തമിഴ്നാട് സ്വദേശികളായ മുത്തു, അക്കലു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.വാടക കോട്ടേഴ്സില്‍ താമസിക്കുന്ന ഇരുവരുടെയും മൂന്നാമത്തെ കുഞ്ഞിനെ ഇന്നലെ രാത്രി പത്തുമണിയോടെയാണ് കാണാതാവുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പന്ത്രണ്ട് മണിയോടെ കുഞ്ഞിന്‍റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.

തങ്ങൾക്കൊപ്പം ഉറങ്ങാൻ കിടന്നതാണ് കുഞ്ഞെന്നാണ് അച്ഛനും അമ്മയും പറയുന്നത്. മരണം, കിണറിൽ വീണാണോ അതിന് മുമ്പാണോ എന്നതിൽ പോസ്റ്റുമോർട്ടത്തിലൂടെ വ്യക്തത വരും. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*