
മൂവാറ്റുപുഴ : സോഷ‍്യൽ മീഡിയയിൽ മുസ്‌ലിം വിഭാഗത്തിനെതിരേ വിദ്വേഷ പരാമർശം നടത്തിയതിന് സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരേ കേസെടുത്തു. ആവോലി സിപിഎം ലോക്കൽ സെക്രട്ടറി എം.ജെ. ഫ്രാൻസിസിന് എതിരേയാണ് മൂവാറ്റുപുഴ പോലീസ് കേസെടുത്തിരിക്കുന്നത്. എസ്ഡിപിഐ പ്രവർത്തകന്‍റെ പരാതിയിലാണ് നടപടി.
കലാപാഹ്വാനം, ഇരു വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ വളർത്തൽ തുടങ്ങിയ വകുപ്പുകളാണ് ലോക്കൽ സെക്രട്ടറിക്കെതിരേ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഒരു ഫെയ്സ്ബുക്ക് പോസ്റ്റിൽ മുസ്‌ലിം വിഭാഗത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഫ്രാൻസിസ് കമന്‍റ് ചെയ്തത്.
കമന്‍റ് ചെയ്ത പരാമർശം വിവാദമായതോടെ ഫ്രാൻസിസ് കമന്‍റ് ഡിലീറ്റ് ചെയ്തിരുന്നു. പിന്നാലെ ഫ്രാൻസിസിന്‍റെ പരാമർശം തള്ളി സിപിഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി രംഗത്തെത്തിയിരുന്നു.
പാർട്ടിയുടെ വ‍്യക്തിപരമായ നിലപാടല്ല ഇതെന്നും അദ്ദേഹത്തിന്‍റെ വ‍്യക്തിപരമായ അഭിപ്രായമാണെന്നും സിപിഎം പറഞ്ഞു. സംഭവത്തിൽ ഫ്രാൻസിസിനോട് പാർട്ടി വിശദീകരണം ആവശ‍്യപ്പെട്ടിരുന്നു. പിന്നാലെ തന്‍റെ സോഷ‍്യൽ മീഡിയ അക്കൗണ്ടിലൂടെ ഫ്രാൻസിസ് ക്ഷമാപണം നടത്തി.
Be the first to comment