‘ദണ്ഡിയാത്ര പോലെ ചരിത്രത്തിലെ നാഴികക്കല്ല്’; മഹാ കുംഭമേളയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി, ലോക്‌സഭയില്‍ പ്രസ്താവന

ന്യൂഡല്‍ഹി: മഹാകുംഭമേളയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുംഭമേള ലോകത്തെ ഒന്നിപ്പിച്ചുവെന്നും, ഇന്ത്യയുടെ ശക്തി ലോകം കണ്ടു നിന്നുവെന്നും ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ആത്മാവ് വീണ്ടെടുത്തുമെന്നും മോദി പറഞ്ഞു.

മഹാ കുംഭമേളയുടെ രൂപത്തില്‍ ഇന്ത്യയുടെ മഹത്വം ലോകം മുഴുവന്‍ കണ്ടു. പുതിയ നേട്ടങ്ങള്‍ക്ക് പ്രചോദനമാകുന്ന ഒരു ദേശീയ ഉണര്‍വ് കുംഭമേളയില്‍ കണ്ടു. നമ്മുടെ ശക്തിയെയും കഴിവുകളെയും സംശയിക്കുന്നവര്‍ക്ക് ഉചിതമായ മറുപടി കൂടിയായിരുന്നു ഇത്. വരും തലമുറയ്ക്ക് ഉദാഹരണമായി മാറുന്ന മേളയാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഗാന്ധിജിയുടെ ദണ്ഡി യാത്ര പോലെ ചരിത്രത്തിലെ നാഴികകല്ലാണിത്. പല സ്ഥലങ്ങളില്‍ നിന്നു വന്നവര്‍ ഒറ്റ മനസ്സോടെ സംഗമിച്ചു. രാജ്യത്തിന്റെ ഐക്യമായി കുംഭമേള മാറി. മഹാ കുംഭമേളയുടെ വിജയകരമായ സംഘാടനത്തിന് എല്ലാവര്‍ക്കും നന്ദി പറയുന്നു. ഉത്തര്‍പ്രദേശ്, പ്രയാഗ്രാജ് എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.

ഇന്ത്യയുടെ പുതിയ തലമുറ, പാരമ്പര്യങ്ങളെയും വിശ്വാസത്തെയും അഭിമാനത്തോടെ സ്വീകരിക്കുന്നു. പ്രയാഗ്രാജ് മഹാ കുംഭമേള ഉയര്‍ന്നുവരുന്ന ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയുടെ ഐക്യത്തിന്റെ ശക്തി അതിനെ ശല്യപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും തകര്‍ക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്ക് അവസരം നല്‍കിയില്ല. ചട്ടം പറഞ്ഞാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. നോട്ടീസ് നല്‍കാതെയാണ് പ്രധാനമന്ത്രി പ്രസ്താവന നടത്തിയതെന്നും, സഭ ബിസിനസില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നതാണെന്നും വ്യക്തമാക്കി പ്രതിപക്ഷം പ്രതിഷേധിച്ചു. കുംഭമേളയ്ക്കിടെ നിരവധിപേര്‍ മരിച്ച കാര്യം പ്രധാനമന്ത്രി മറച്ചുവെച്ചുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ലോക്‌സഭ ഉച്ചവരെ നിര്‍ത്തിവെച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*