
ലൈഫ് ഭവന പദ്ധതികൾക്ക് ബ്രാൻഡിംഗ് വേണമെന്ന കാര്യത്തിൽ കേന്ദ്രം കടുംപിടുത്തം തുടരുകയാണെന്ന് മന്ത്രി എം ബി രാജേഷ്. ബ്രാൻഡിംഗ് വേണ്ടെന്ന സംസ്ഥാനത്തിൻ്റെ നിലപാട് കേന്ദ്രം പരിഗണിക്കുന്നില്ല. കാര്യം മനസിലാകുന്നില്ല എന്നതാണ് സ്ഥിതി. വീടുകളിലെ ബ്രാൻഡിംഗ് ഗുണഭോക്താക്കളുടെ അന്തസിനെ ബാധിക്കുമെന്ന കാര്യമാണെന്ന് കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടറിനെ അറിയിച്ചപ്പോൾ അന്തസ്സുള്ളവർ അപേക്ഷിക്കുന്നത് എന്തിനെന്നാണ് നൽകിയ മറുപടിയെന്ന് മന്ത്രി പറഞ്ഞു. മനുഷ്യൻറെ അഭിമാനവും അന്തസ്സും മനസ്സിലാകാത്തവരാണ് കേന്ദ്രം ഭരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
കെട്ടിട നിർമ്മാണ ചട്ടം ഭേദഗതി ചെയ്യും. അഴിമതി മുക്ത തദ്ദേശ സ്ഥാപനം എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. മാലിന്യ സംസ്കരണത്തിന്റെ കാര്യത്തിൽ പ്രാദേശിക എതിർപ്പ് വരുമ്പോൾ നാല് വോട്ട് കിട്ടുന്നത് നഷ്ടമാകും എന്ന് കരുതി മിണ്ടാതിരിക്കരുത്. പകരം പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കളമശ്ശേരിയിലെ സംഭവം ഏതെങ്കിലും സംഘടന എന്ന നിലയിൽ കാണുന്ന മനോഭാവം മാറണം. രാഷ്ട്രീയമായി പോയിൻ്റ് സ്കോർ ചെയ്യുന്നതിന് ഒരു അവസരമായി ഇതിനെ കാണരുത്. ലോകത്തെയാകെ ലഹരി കടത്തിൻ്റെയും ഉത്തരവാദിത്തം സർക്കാരിന് മേൽ വെക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സാമൂഹിക വിപത്ത് എന്ന നിലയിലാണ് പ്രശ്നത്തെ സമീപിക്കേണ്ടത്. അല്ലാതെ സങ്കുചിത രാഷ്ട്രീയത്തിന്റെ കണ്ണിലൂടെയല്ലെന്നും മന്ത്രി വ്യക്തമാക്കി.
എൻഫോഴ്സ്മെൻ്റ് പരാജയമാണെന്ന പല്ലവി ആവർത്തിച്ചു കൊണ്ടേയിരിക്കുകയാണ്. കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കേരളമാണ് മുന്നിൽ നിൽക്കുന്നത്. ശിക്ഷാ നിരക്ക് ഉയർന്നു എന്ന് മാത്രമല്ല ഉയർന്ന ശിക്ഷ കുറ്റവാളികൾക്ക് ലഭിക്കുകയും ചെയ്തു. എന്നിട്ടാണ് എൻഫോഴ്സ്മെൻ്റ് പരാജയം എന്ന് പറയുന്നത്. എന്ത് അസംബന്ധവും വിളിച്ചു പറയാം എന്ന് കരുതരുതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
Be the first to comment