ബ്രിട്ടീഷ് പൗരത്വം ഉള്ളവര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള യൂറോ വിസ നടപ്പിലാക്കുന്നത് 2027 വരെ നീട്ടി; ഷെങ്കന്‍ മേഖലയിലെ യാത്ര തുടരാം

ലണ്ടന്‍: യൂറോപ്പ് സന്ദര്‍ശിക്കുന്നതിന് ബ്രിട്ടീഷ് സഞ്ചാരികള്‍ക്ക് 2027 വരെ യൂറോ വിസ ആവശ്യമായി വരില്ല. എന്‍ടി/ എക്സിസ്റ്റ് സിസ്റ്റം ഒരുക്കുന്നതില്‍ വന്ന കാലതാമസം കാരണം യൂറോ വിസ അല്ലെങ്കില്‍ യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓഥറൈസേഷന്‍ സിസ്റ്റം (എറ്റിയാസ്) നടപ്പിലാക്കുന്നത് നീട്ടിയിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനിലും ഷെങ്കന്‍ രാജ്യങ്ങളിലും സന്ദര്‍ശിക്കുമ്പോള്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ടുകളില്‍ വെറ്റ് സ്റ്റാമ്പിംഗിന് പകരമായിട്ടാണ് എന്‍ട്രി/ എക്സിറ്റ് സിറ്റം (ഇ ഇ എസ്) രൂപകല്പന ചെയ്തിരിക്കുന്നത്.

നിലവില്‍ ബോര്‍ഡര്‍ കണ്‍ടോളില്‍ പാസ്സ്‌പോര്‍ട്ട് സ്റ്റാമ്പ് ചെയ്യുന്നതും ബയോമെട്രിക്സ് എടുക്കുന്നതും തുടരും. ആറ് മാസത്തിനുള്ളില്‍ ഷെങ്കന്‍ മേഖലയില്‍ മുഴുവനും യൂറോ വിസ സിസ്റ്റം പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇ ഇ എസ് നിലവില്‍ വരും എന്നാണ് പറഞ്ഞിരുന്നതെങ്കിലും ബ്രസ്സല്‍സില്‍ പുറത്തുവിട്ട രേഖകള്‍ പറയുന്നത് 2026 ഏപ്രില്‍ വരെ ഇത് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകില്ല എന്നാണ്. 2024 നവംബര്‍ 10 മുതല്‍ ഇ ഇ എസ് പ്രവര്‍ത്തനക്ഷമമാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

യൂറോപ്യന്‍ യൂണിയനിലെ അയര്‍ലന്‍ഡ്, സൈപ്രസ്സ് എന്നിവ ഒഴിച്ചുള്ള രാജ്യങ്ങളും, ഐസ്ലാന്‍ഡ്, നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡ്, ലിക്റ്റന്‍സ്‌റ്റൈന്‍ എന്നീ രാജ്യങ്ങളും ഉള്‍പ്പെടുന്നതാണ് ഷെങ്കന്‍ മേഖല. നോര്‍വേ – റഷ്യന്‍ അതിര്‍ത്തി മുതല്‍ ഗ്രീസ് – ടര്‍ക്കി അതിര്‍ത്തിവരെ വ്യാപിച്ചു കിടക്കുന്നതാണ് ഈ മേഖല. ഈ പ്രദേശത്തെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും യു കെയിലേക്ക് നേരിട്ട് വിമാനങ്ങളുമുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*