‘തെറ്റായ വിധി, സുപ്രീം കോടതി ഇടപെടണം’; അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമല്ലെന്നുള്ള അലഹബാദ് ഹൈക്കോടതി വിധിയെ അപലപിച്ച് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂര്‍ണ ദേവി. വിധി തെറ്റാണെന്ന് അഭിപ്രായപ്പെട്ട മന്ത്രി സുപ്രീംകോടതി ഈ വിഷയത്തില്‍ ഇടപെടണമന്ന് ആവശ്യപ്പെട്ടു. വിധി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

ബലാത്സംഗ കുറ്റത്തിന് സമന്‍സ് അയക്കാനുള്ള കീഴ്‌ക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത രണ്ട് പുരുഷന്‍മാര്‍ക്ക് അനുകൂലമായി ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയാണ് വിധി പ്രസ്താവിച്ചത്. മറ്റ് വനിതാ നേതാക്കളും സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടാവണമെന്ന് അഭിപ്രായപ്പെട്ടു.

രാജ്യത്തെ സ്ത്രീകളെ അവഗണിക്കുന്ന രീതി വെറുപ്പുളവാക്കുന്നതാണ്. അത് നമ്മള്‍ മറികടക്കേണ്ടതുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം പി ജൂണ്‍ മാലിയ പറഞ്ഞു. വളരെ നിര്‍ഭാഗ്യകരമാണ്. വിധിന്യായത്തില്‍ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങളില്‍ ഞെട്ടിപ്പോയി. ഇത് വളരെ ലജ്ജാകരമായ സാഹചര്യമാണ്. ആ പുരുഷന്‍ ചെയ്ത പ്രവൃത്തിയെ എങ്ങനെയാണ് ബലാത്സംഗമായി കണക്കാക്കാന്‍ കഴിയാത്തത്. ഈ വിധിന്യായത്തിന് പിന്നിലെ യുക്തി മനസിലാകുന്നില്ല, എഎപി എം സ്വാതി മലിവാള്‍ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ പവന്‍, ആകാശ് എന്നിവര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുകയും പൈജാമയുടെ ചരട് പിടിച്ചുവലിക്കുകയും പീന്നീട് സമീപത്തെ കലുങ്കിനടുത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ആ സമയം അതുവഴി ഒരാള്‍ വരുന്നത് കണ്ട് അവര്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഈ കേസിന്റെ അടിസ്ഥാനത്തില്‍ രണ്ട് പ്രതികളും വിചാരണ നേരിടണമെന്ന് കീഴ്‌ക്കോടതി ഉത്തരവ് ഇട്ടിരുന്നു. ഇതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് അലഹബാദ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ നിരീക്ഷണം. പ്രതി കലുങ്കിനടുത്തേക്ക് വലിച്ചിഴച്ചകൊണ്ടുപോയെന്നതിനാല്‍ പെണ്‍കുട്ടിയെ നഗ്‌നയാക്കിയെന്നോ വസ്ത്രം അഴിച്ചുമാറ്റിയെന്നോ സാക്ഷികള്‍ പറഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കീഴ്‌ക്കോടതിയുടെ കണ്ടെത്തകുള്‍ നിലനില്‍ക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.

 

Be the first to comment

Leave a Reply

Your email address will not be published.


*