ആശ സമരത്തിന് പിന്നില്‍ കമ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യം; തുറന്നുകാട്ടുമെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ആശ സമരത്തിന് പിന്നില്‍ കമ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരാണ് സമരത്തിന് പിന്നില്‍. ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് എസ് യുസിഐയും ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന സമരത്തെ രാഷ്ട്രീയമായി തുറന്നുകാണിക്കുമെന്നും എംവി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആശ വര്‍ക്കര്‍മാരുടെ സമരം ജനാധിപത്യപരമാണെന്ന് ഗോവിന്ദന്‍ പറഞ്ഞു. പക്ഷെ ആ സമരം എന്താണ് ലക്ഷ്യം വെക്കുന്നുവെന്നതില്‍ സിപിഎമ്മിന് നല്ല ധാരണയുണ്ട്. അത് ഇടതുവിരുദ്ധ സമരമാക്കി മാറ്റാനാണ് മാധ്യമങ്ങളും ബൂര്‍ഷ്വാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശ്രമിക്കുന്നത്. ഐഎന്‍ടിയുസി ആ സമരത്തില്‍ ഇല്ല. എന്നാല്‍ യുഡിഎഫ് അതിന്റെ പിന്നിലാണ്. ബിജെപി അതിന്റെ പിന്നിലാണ്. ശരിയായ മഴവില്‍ സഖ്യം അതിന്റെ ഭാഗമായി വന്നിട്ടുണ്ട്. മാധ്യമങ്ങളും അതിനൊപ്പമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

ആശാവര്‍ക്കമാരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരാണ് കൈകാര്യം ചെയ്യേണ്ടത്. ഏറ്റവും കൂടുതല്‍ പണം കൊടുക്കുന്നത് കേരളത്തിലാണ്. അവിടെയാണ് ഇത്തരത്തില്‍ സമരം നടക്കുന്നത്. പന്ത് കേന്ദ്രത്തിന്റെ കോര്‍ട്ടിലാണ് ഉള്ളത്. അവര്‍ വ്യക്തമായ തീരുമാനമെടുത്താല്‍ കേരളം സാധ്യമായതെല്ലാം ചെയ്യുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

സമരം ചെയ്യുന്നവര്‍ക്ക് കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സമരനേതൃത്വത്തിന് കാര്യം ബോധ്യപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് 26,000ലധികം ആശാ വര്‍ക്കമാര്‍ ഉണ്ട്. അതിന്റെ ഒരംശം പോലും സമരത്തില്‍ ഇല്ല. സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. വസ്തൂതാപരമായ കാര്യങ്ങള്‍ മനസിലാക്കാതെ സമരം മുന്നോട്ടേക്ക് നയിക്കുന്നതിനുവേണ്ടി ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുന്ന ഒരുവിഭാഗമുണ്ട്. അത് സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*