ലണ്ടനില്‍ വന്‍ തീപിടിത്തം; ഹീത്രു വിമാനത്താവളം അടച്ചു, യാത്രാ പ്രതിസന്ധി, നഗരം ഭാഗികമായി ഇരുട്ടില്‍

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ഇലക്ട്രിക് സബ്‌സ്റ്റേഷനില്‍ ഉണ്ടായ വന്‍ തീപിടിത്തത്തെ തുടര്‍ന്ന് ഹീത്രു വിമാനത്താവളം അടച്ചു. പ്രതിദിനം രണ്ട് ലക്ഷത്തോളം യാത്രികര്‍ ആശ്രയിക്കുന്ന ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുന്നത്.

ഇലക്ട്രിക് സബ്‌റ്റേഷനിലെ തീപിടിത്തം ലണ്ടന്‍ നഗരത്തിന്റെ ഒരു ഭാഗത്തെ ആകമാനം ഇരുട്ടിലാക്കിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീപിടിത്തത്തെ തുടര്‍ന്ന് 150തില്‍ അധികം ആളുകളെ ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പതിനാറായിരത്തില്‍ അധികം വീടുകളെയും വൈദ്യുതി മുടക്കം ബാധിച്ചിട്ടുണ്ടെന്നാണ് അറിയിപ്പുകള്‍.

ഇതിനോടകം തന്നെ 120 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായാണ് വിവരം. 1300 ഓളം സര്‍വീസുകളെയും നിയന്ത്രണം ബാധിച്ചേക്കും. യാത്രികരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. വിമാനത്താവളം വെള്ളിയാഴ്ച പുര്‍ണമായും പ്രവര്‍ത്തിക്കില്ലെന്നാണ് അറിയിപ്പ്.

അതേസമയം, തീപിടിത്തം നിയന്ത്രിക്കാന്‍ ഇതിനോടകം വന്‍ സന്നാഹം പ്രദേശത്തുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

 

Be the first to comment

Leave a Reply

Your email address will not be published.


*