മെസി ഒക്ടോബറിൽ കേരളത്തിൽ; അർജന്റീന ടീം കേരളത്തിൽ സൗഹൃദ മത്സരം കളിക്കുമെന്ന് HSBC

അർജന്റീന ടീം ഒക്ടോബറിൽ കേരളത്തിലെത്തിയേക്കും. അർജന്റീന ഫുട്ബോൾ ടീം ഒക്ടോബറിൽ കേരളത്തിൽ സൗഹൃദ മത്സരം കളിക്കുമെന്ന് സ്പോൺസർമാരായ HSBC അറിയിച്ചു. അർജന്റീന ടീമിന്റെ ഇന്ത്യയിലെ സ്പോൺസർമാരാണ് HSBC. സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പ്രഖ്യാപനം ഉണ്ടായത്.

എച്ച്എസ്ബിസി ഇന്ത്യ അർജന്റീനിയൻ ടീമിന്റെ ഔദ്യോഗിക പങ്കാളിയായി മാറിയതിന് പിന്നാലെയാണ് മെസിയുടെ വരവിനെ കുറിച്ചുള്ള വാർത്തകൾ വീണ്ടും പുറത്തുവരുന്നത്. ഇന്ത്യൻ ഫുട്ബോളുമായി സഹകരിച്ചും അതിനെ പ്രോത്സാഹിപ്പിച്ചും മത്സരം കളിക്കാൻ അർജന്റീയും മെസിയും ഒക്ടോബറിൽ എത്തുമെന്നാണ് അവർ പ്രഖ്യാപിച്ചിരിക്കുന്നത്.

‘ഈ പങ്കാളിത്തത്തിന് കീഴിൽ, ഇതിഹാസ താരം ലയണൽ മെസി ഉൾപ്പെടെയുള്ള അർജന്റീന ദേശീയ ഫുട്ബോൾ ടീം 2025 ഒക്ടോബറിൽ ഒരു അന്താരാഷ്ട്ര പ്രദർശന മത്സരത്തിനായി ഇന്ത്യ സന്ദർശിക്കും’ എന്നാണ് എച്ച്എസ്ബിസി ഇന്ത്യ പങ്കുവച്ച വാർത്താകുറിപ്പിൽ പറയുന്നത്. എന്നാൽ വേദി കൃത്യമായി അവർ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേരളത്തിൽ വച്ചായിരിക്കും മത്സരം നടക്കുക എന്ന കാര്യത്തിൽ ഏകദേശ ധാരണയിൽ എത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം നവംബറിൽ, കേരള കായിക മന്ത്രിയായ വി അബ്‌ദുറഹ്മാൻ, അർജന്റീന ടീം സംസ്ഥാനം സന്ദർശിച്ച് കൊച്ചിയിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ മാസത്തിലായിരിക്കും മെസിയും അർജന്റീന ടീമും കേരളത്തിൽ എത്തുകയെന്നും അന്ന് മന്ത്രി അറിയിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ അന്ന് കായിക മന്ത്രി പുറത്തുവിട്ടിരുന്നില്ല.

Be the first to comment

Leave a Reply

Your email address will not be published.


*