1,000 കോടി രൂപയുടെ ഫെമ ലംഘനം?, കേരളത്തില്‍ അടക്കം അഞ്ചിടത്ത് റെയ്ഡ്; ഗോകുലം ഗോപാലന്‍ ഇഡിക്ക് മുന്നില്‍

കോഴിക്കോട്: പ്രമുഖ വ്യവസായിയും മോഹന്‍ലാല്‍ ചിത്രമായ എംപുരാന്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളുമായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അരയിടത്ത് പാലത്തെ ഗോകുലം മാളിനു സമീപത്തെ കോര്‍പറേറ്റ് ഓഫിസിലാണ് ചോദ്യം ചെയ്യുന്നത്. ആദ്യം വടകരയിലെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യാനായിരുന്നു നീക്കമെങ്കിലും ഗോകുലം ഗോപാലന്‍ കോഴിക്കോട് കോര്‍പറേറ്റ് ഓഫിസിലേക്ക് എത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.

ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലത്തിന്റെ ധനകാര്യ സ്ഥാപനത്തില്‍ അടക്കം റെയ്ഡ് ആരംഭിച്ചതിന് പിന്നാലെയാണ് കോഴിക്കോട്ടും ഇ ഡി ഉദ്യോഗസ്ഥരെത്തിയത്. ചെന്നൈയിലെ വീട്ടിലും റെയ്ഡുണ്ട്. ഫെമ നിയമ ലംഘനം ആരോപിച്ച് തമിഴ്‌നാട്, കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ​ഗോകുലം ​ഗോപാലന്റെ വീടും ഓഫീസുകളുമായി ബന്ധപ്പെട്ട് അഞ്ച് സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

ചില എന്‍ആര്‍ഐകളുമായി 1,000 കോടി രൂപയുടെ ഫെമ ലംഘനം നടത്തിയെന്നും അനധികൃത ഇടപാടുകള്‍ നടത്തിയെന്നും ആരോപിച്ചാണ് ഇഡി നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഗോകുലം ഗോപാലന്റെ പേരിലുള്ള ചിട്ടി കമ്പനിക്കെതിരായ ചില വഞ്ചനാ കേസുകളും ഇഡി വിശകലനം ചെയ്ത് വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

എംപുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ ഇപ്പോഴത്തെ പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും സിനിമയുമായി ബന്ധമില്ലെന്നാണ് ഇഡി നല്‍കുന്ന സൂചന. മുന്‍പും ഗോകുലം കമ്പനിയില്‍ ഇത്തരം റെയ്ഡുകള്‍ നടന്നിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*