മുസ്ലീങ്ങള്‍ക്കും ശാഖയില്‍ വരാം; കാവിക്കൊടിയെ ആദരിക്കണം: മോഹന്‍ ഭാഗവത്

ലഖ്നൗ: മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കാത്തവരെ സംഘത്തില്‍ ചേരാനും ശാഖകളില്‍ പങ്കെടുക്കാനും ക്ഷണിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ‘ഭാരത് മാതാ’യെയും കാവിക്കൊടിയെയും ബഹുമാനിക്കുന്ന എല്ലാവരെയും സംഘടന സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

കാശി മേഖലാ യൂണിറ്റിലെ നാലു ദിന ‘പ്രവാസ’ പരിപാടിയില്‍ ചോദ്യത്തിന് മറുപടിയായാണ് മോഹന്‍ ഭാഗവതിന്റെ പ്രതികരണം. ശാഖയില്‍ ചേരാന്‍ വരുന്ന ഓരോരുത്തരും ‘ഭാരത് മാതാ കീ ജയ്’ വിളിക്കുന്നതില്‍ ഒരു മടിയും വിചാരിക്കേണ്ടതില്ലെന്നും കാവിക്കൊടിയോട് ബഹുമാനം കാണിക്കണമെന്ന് മാത്രമാണ് വ്യവസ്ഥയെന്നും ശാഖകളില്‍ മുസ്ലീങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മോഹന്‍ ഭാഗവത് പറഞ്ഞു. ജാതി വിവേചനം, പരിസ്ഥിതി, സാമ്പത്തികം അടക്കം മറ്റ് വിഷയങ്ങള്‍ എന്നിവ അവസാനിപ്പിച്ച് ശക്തമായ ഒരു സമൂഹം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത ആര്‍എസ്എസ് മേധാവി ആവര്‍ത്തിച്ചു.

ഇന്ത്യക്കാര്‍ക്ക് വ്യത്യസ്ത മതപരമായ ആചാരങ്ങളും ജീവിതശൈലിയും ഉണ്ടായിരിക്കാം. പക്ഷേ അവരുടെ സംസ്കാരം ഒന്നുതന്നെയാണ്. ഇന്ത്യയിലെ എല്ലാ വിശ്വാസങ്ങളില്‍ നിന്നും വിഭാഗങ്ങളില്‍ നിന്നും ജാതികളില്‍ നിന്നുമുള്ള ആളുകളെയും ശാഖകളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെ വിശ്വ ഗുരുവാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വിളിച്ചുചേര്‍ത്ത കാശിയിലെ വേദപണ്ഡിതരുമായി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തി. 94 ഐഐടിക്കാരുമായും ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ 28 പ്രൊഫസര്‍മാരുമായും സംവദിക്കുന്നതിനിടെ, തിരക്കേറിയ സമയങ്ങളില്‍ നിന്ന് അല്‍പ്പം സമയം കണ്ടെത്തി വ്യത്യസ്ത ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ ആര്‍എസ്എസ് മേധാവി ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*