കേരളത്തിലെ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പുനഃസംഘടനയ്ക്ക് നീക്കം

കേരളത്തിലെ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പുനഃസംഘടനയ്ക്ക് നീക്കം. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശക്തമായ ഇടപെടല്‍ നടത്താനാണ് എ ഐ സി സിയുടെ നീക്കം. അഹമ്മദാബാദില്‍ നടക്കുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായേക്കും. ഡി സി സികള്‍ ഉടന്‍ പുനഃസംഘടിപ്പിക്കുമൊന്നാണ് സഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. വലിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്നായിരുന്നു കെ സിയുടെ പ്രതികരണം. ഇതോടെ കെ പി സി സിക്ക് പുതിയ അധ്യക്ഷന്‍ വരുമെന്ന് വ്യക്തമാക്കുകയാണ് നേതൃത്വം.

സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നത ഇതുവരെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. താഴേതട്ടില്‍ സംഘടനാ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം നേതാക്കള്‍ കൂടിയിരിക്കാന്‍ പോലും തയ്യാറായിട്ടില്ല. ഇതേ അവസ്ഥയില്‍ മുന്നോട്ടുപോയാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടായേക്കുമെന്ന ആശങ്ക എ ഐ സി സിക്കുണ്ട്.

കെ സുധാകരനെ കെ പി സി സി അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം പരിഗണിക്കാതെ മുന്നോട്ടുപോവുകയാണ് എ ഐ സി സി. പ്രവര്‍ത്തക സമിതിയോഗത്തില്‍ തീരുമാനം കൈക്കൊള്ളാനായി തീരുമാനം മാറ്റുകയായിരുന്നു. കേരളത്തില്‍ അധികാരത്തില്‍ തിരിച്ചെത്തണമെങ്കില്‍ കരുത്തുള്ള നേതൃത്വം വരണമെന്നാണ് ഹൈക്കമാന്റിന്റെയും നിര്‍ദേശം. എന്നാല്‍ കേരളത്തിലെ ഗ്രൂപ്പിസം നേതൃത്വത്തിന് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. ഗ്രൂപ്പ് പരിഗണനയുണ്ടാവില്ലെവന്നും, പ്രവര്‍ത്തന മികവുമാത്രമാണ് പരിഗണനയെന്ന് പറയുമ്പോഴും ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് മാത്രമാണ് പരിഗണനയെന്ന ആരോപണം ശക്തമാണ്.

രണ്ട് മാസം മുന്‍പ് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി സംസ്ഥാനത്തെ എല്ലാ ഗ്രൂപ്പ് നേതാക്കളുമായും പുനഃസംഘടനാ വിഷയം ചര്‍ച്ച ചെയ്തിരുന്നു. പല പേരുകളാണ് അവര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടത്. ഇതോടെ പുതിയ കെ പി സി സി അധ്യക്ഷനെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യം ഉടലെടുക്കുകയായിരുന്നു. തല്‍ക്കാലം സുധാകരന്‍ തുടരുന്നതാണ് നല്ലതെന്ന തീരുമാനം എ ഐ സി സി എടുക്കുകയായിരുന്നു.

ദീപാദാസ് മുന്‍ഷിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പുനഃസംഘടനയെന്നാണ് ലഭിക്കുന്ന വിവരം. അടുത്ത വര്‍ഷം നടക്കാരിനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിലും അഞ്ചുമാസങ്ങള്‍ക്കിടയില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിലും മേല്‍കൈ നേടുകയെന്നതാണ് നേതൃത്വം പുനഃസംഘടനയിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മാത്രമാണ് യു ഡി എഫ് ഭരണമുള്ളത്. കൊച്ചിയും തൃശ്ശൂരും കൈവിട്ടു. ബി ജെ പി ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന തിരുവനന്തപുരം, തൃശ്ശൂര്‍ കോര്‍പ്പറേഷനുകളില്‍ ഭരണം തിരികെ പിടിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. എന്നാല്‍ നേതാക്കൾക്ക് തമ്മിലുണ്ടായ കടുത്ത വിയോജിപ്പുകാരണം പിന്നീട് യോഗം ചേരാന്‍പോലും കഴിഞ്ഞിരുന്നില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും തമ്മിലുണ്ടായ അകല്‍ച്ചയാണ് പ്രധാന വിഷയം. ഹൈക്കമാന്റിന്റെ ഇടപെടല്‍ ഉണ്ടാവുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും

പാര്‍ട്ടിയില്‍ വന്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന സൂചനയാണ് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ നല്‍കുന്നത്.വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന ക്രിസ്ത്യൻ സഭകളുടെ ആവശ്യം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ കോണ്‍ഗ്രസിനോട് പിണങ്ങി നില്‍ക്കുന്ന ക്രിസ്ത്യൻ സഭയെ ചേര്‍ത്തു നിര്‍ത്താനായില്ലെങ്കില്‍ മധ്യകേരളത്തില്‍ തിരിച്ചടിയുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസ് ഭയപ്പെടുന്നത്.

സഭയുമായുള്ള തര്‍ക്കം പരിഹരിക്കാനുള്ള ചില നിര്‍ദേശങ്ങളും ഹൈക്കമാൻഡ് കേരള നേതാക്കള്‍ക്ക് മുന്നില്‍ വച്ചിട്ടുണ്ടെന്നാണ് വിവരം. ക്രിസ്ത്യൻ വിഭാഗക്കാരനായ ഒരു നേതാവിനെ കെ പി സി സി അധ്യക്ഷനാക്കാനും കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലാ അധ്യക്ഷന്മാരെ പരിഗണിക്കുമ്പോള്‍ സഭാ നേതൃത്വവുമായി അടുത്തു ബന്ധമുള്ളയാളെ പരിഗണിക്കാനുമാണ് നിര്‍ദേശം.പത്തനംതിട്ട എം പിയായ ആന്റോ ആന്റണി, മാത്യു കുഴല്‍നാടന്‍ എന്നിവരുടേ പേരുകള്‍ സജീവ പരിഗണനയിലാണെന്നാണ് പുറത്തുവരുന്ന വിവരം.

കോണ്‍ഗ്രസുമായി അകന്നു നില്‍ക്കുന്ന എസ് എന്‍ ഡി പിയെ അനുനയിപ്പിക്കുകയും വേണം. വി ഡി സതീശനെതിരെ പരസ്യ നിലപാടാണ് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെത്.
ക്രിസ്റ്റ്യന്‍ വിഭാഗത്തില്‍ നിന്നും പുതിയ കെ പി സി സി അധ്യക്ഷന്‍ വരുമ്പോള്‍ എസ് എന്‍ ഡി പിയെ പിണക്കാതിരിക്കാനുള്ള നീക്കവും ഉണ്ടാവേണ്ടതുണ്ട്. പുനഃസംഘടനയിലൂടെ പൊതുജനങ്ങളുടേതടക്കം വിശ്വാസം ആര്‍ജിക്കുകയാണ് നേതൃത്വം ലക്ഷ്യമിടുന്നത്. പൊതു സ്വീകാര്യതയുള്ള നേതാക്കളെ ഭാരവാഹിയാക്കുന്നതിനുള്ള നിര്‍ദേശമാണ് ദേശീയ നേതൃത്വം മുന്നോട്ടുവെക്കുന്നത്.

പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ കോണ്‍ഗ്രസ് ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമാണ് നടത്തുന്നത്. ബി ജെ പിയുടെ ശക്തികേന്ദ്രമായ ഗുജറാത്തിലെ അഹമ്മദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം സംഘടിപ്പിച്ചതിലും പ്രത്യേക രാഷ്ട്രീയ ലക്ഷ്യമുണ്ട്. 64 വര്‍ഷത്തിന് ശേഷമാണ് ഗുജറാത്ത് എ ഐ സി സി സമ്മേളനത്തിന് വേദിയാവുന്നത്. മോദിയുടേയും അമിത് ഷായുടേയും തട്ടകമെന്ന നിലയില്‍ ഗുജറാത്തില്‍ പ്രവര്‍ത്തക സമിതി യോഗം നടത്തുന്നത് ബി ജെ പിക്കുള്ള മറുപടികൂടിയാണ്.ഗാന്ധിജിയുടെ നാട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിന് വേദിയാക്കുന്നത് ഗുജറാത്തിലടക്കം കോണ്‍ഗ്രസ് രാഷ്ട്രീയ മുന്നേറ്റം ലക്ഷ്യം വച്ചാണ്. ദീര്‍ഘകാലമായി കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ട സംസ്ഥാനമാണ് ഗുജറാത്ത്.

കേരളത്തില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമായിട്ട് ഒന്‍പതുവര്‍ഷമായി. ബിഹാറില്‍ അടുത്തു നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുക്കാനുള്ള വഴികളും കോണ്‍ഗ്രസ് തേടുന്നുണ്ട്. പശ്ചിമബംഗാള്‍, തമിഴ്‌നാട്, അസം, ബിഹാര്‍ തിരഞ്ഞെടുപ്പുകളും കോണ്‍ഗ്രസിന് മുന്നിലെ പ്രധാന അജണ്ടയാണ്.

ഇതില്‍ ഏറ്റവും പ്രധാനം കേരളത്തില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അധികാരം തിരിച്ചുപിടിക്കുകയെന്നതാണ്. ഈ ലക്ഷ്യത്തിലേക്കെത്താന്‍ കോണ്‍ഗ്രസിന് അത്ര എളുപ്പമല്ല. പ്രധാന വെല്ലുവിളി സംഘടനാ ദൗര്‍ബല്യം തന്നെയാണ്. നേതൃത്വം ശക്തമല്ലെന്ന ആരോപണം മാസങ്ങളായി നേതൃത്വത്തിന്റെ മുന്നിലുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള അകല്‍ച്ചയും പ്രധാന വിഷയമാണ്.

പിണറായി സര്‍ക്കാരിനെതിരെ പൊതുജനങ്ങളില്‍ കടുത്ത പ്രതിഷേധമുണ്ടെങ്കിലും ഇത് കോണ്‍ഗ്രസിന് അനുകൂലമാക്കി മാറ്റാനുള്ള നീക്കങ്ങളൊന്നും ഇതുവരെ കോണ്‍ഗ്രസ് ആരംഭിച്ചിട്ടില്ല. ഭരണം കിട്ടിയാല്‍ ആരാവണം മുഖ്യമന്ത്രി എന്ന തര്‍ക്കത്തിലാണ് നേതാക്കള്‍.

ഇതേസമയം കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാവുമെന്ന് സി പി ഐ എം കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. മധുരയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലും ഭരണത്തുടര്‍ച്ചയാണ് സി പി ഐ എം ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അധികാരം നിലനിര്‍ത്താന്‍ സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ താഴേത്തട്ടിലടക്കം ശക്തമായ നീക്കങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് താഴെത്തട്ടില്‍ കമ്മിറ്റികള്‍പോലും നിര്‍ജീവമാണ്. ഇതിനെല്ലാം പരിഹാരമുണ്ടാവണമെനങ്കില്‍ പുനഃസംഘടന മാത്രമാണ് ലക്ഷ്യം.

കേരളത്തത്തിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന അസംബ്ലി ഇലക്ഷനുകളില്‍ വിജയം നേടാനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കാനാണ് പ്രവര്‍ത്തക സമിതിയോഗത്തിന്റെ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. കേരളത്തിന്റെ ചുമതല പ്രിയങ്കാ ഗാന്ധിക്ക് നല്‍കിയേക്കാം. സഭാ നേതൃത്വവുമായുള്ള ആശയക്കുഴപ്പം പരിഹരിക്കുന്നതിനുള്ള കൂടിക്കാഴ്ചകള്‍ പ്രിയങ്ക നടത്തുമെന്നാണ് അറിയുന്നത്. പ്രയിങ്ക കേരളത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള തീരുമാനവും ഉണ്ടായേക്കും.

കേരളത്തിന്റ ചുമതലയിലേക്ക് വയനാട് എം പി കൂടിയായ പ്രിയങ്ക ഗാന്ധി വരികയാണെങ്കില്‍ പ്രവര്‍ത്തകര്‍ സജീവമാവുമെന്നാണ് എ ഐ സി സി നേതൃത്വവും കണക്കുകൂട്ടുന്നത്. പ്രവര്‍ത്തക സമിതിയോഗത്തില്‍ പ്രിയങ്ക പങ്കെടുക്കുന്നില്ലെങ്കില്‍ കൂടുതല്‍ ചുമതലയിലേക്ക് എത്തുമെന്നുതന്നെയാണ് നേതാക്കളുടെ പ്രതീക്ഷകള്‍.

Be the first to comment

Leave a Reply

Your email address will not be published.


*