‘പിണറായി വിജയന്റെ കുടുംബത്തില്‍ എത്തിയത് അഴിമതിപ്പണം; കോടതിയെ ചാരിയുള്ള മൗനം അവസാനിപ്പിക്കണം’; മാത്യു കുഴല്‍നാടന്‍

മാസപ്പടികേസില്‍ കോടതിയെ ചാരിയുള്ള മുഖ്യമന്ത്രിയുടെ മൗനം അവസാനിപ്പിക്കണമെന്ന് മാത്യു കുഴല്‍നാടന്‍. രണ്ട് കമ്പനികള്‍ തമ്മിലുള്ള ഇടപാടിയിരുന്നുവെന്നാണ് നേരത്തെ മുഖ്യമന്ത്രിയുടെ വാദം. ഇപ്പോള്‍ ഒന്നും പറയാന്‍ ഇല്ലാത്തതിനാല്‍ മൗനത്തിലായെന്നും അദ്ദേഹം പറഞ്ഞു. സിഎംആര്‍എല്‍ കമ്പനി ഇടപാടിലൂടെ വീണാ വിജയന്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇഡി അന്വേഷണത്തിലുള്ള കുറ്റകൃത്യം ഉണ്ടെന്നും കുഴല്‍നാടന്‍ പറഞ്ഞു.

കോടതിയെ ചാരിയുള്ള മുഖ്യമന്ത്രിയുടെ മൗനം അദ്ദേഹത്തിനും സിപിഐഎമ്മിനും മറുപടിയില്ലാതായതുകൊണ്ടാണ്. രണ്ട് കമ്പനികള്‍ തമ്മിലുള്ള സുതാര്യമായ ഇടപാടാണെന്നും നികുതിയും നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ട് ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നുമാണ് എല്ലാ ഘട്ടങ്ങളിലും സിപിഐഎം സ്വീകരിച്ചിരുന്ന നിലപാട്. ഇപ്പോള്‍ കോടതി നടപടികളും അന്വേഷണവുമൊക്കെ നടക്കുമ്പോഴും വീണ വിജയന്റെയോ എക്‌സാലോജിക് എന്ന കമ്പനിയുടെയോ ഒരു വിശദീകരണവും കേള്‍ക്കാതെയാണ് ഇപ്പോഴുള്ള നടപടി എന്ന് പറഞ്ഞു. വീണാ വിജയനെയും എക്‌സാലോജിക്കിനെയും പണം കൊടുത്ത സിഎംആര്‍എല്ലിനെയും സിഎംആര്‍എല്ലിന്റെ ഉദ്യോഗസ്ഥരെയും കേട്ടതിന് ശേഷമാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കോടതിയില്‍ എസ്എഫ്‌ഐഒ ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നിയമ വിരുദ്ധമായി, രാജ്യത്തെ കമ്പനി നിയമങ്ങളുടെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് അനധികൃതമായി കരിമണല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ മാസപ്പടിയായി പണം കൈപ്പറ്റിയിരിക്കുന്നുവെന്ന് കുറ്റപത്രം സമര്‍പ്പിച്ചു കഴിയുമ്പോള്‍ എന്താണ് മുഖ്യമന്ത്രിക്ക് പ്രതികരിക്കാന്‍ കഴിയുക ? – അദ്ദേഹം ചോദിച്ചു.

ഇതുകൊണ്ടൊന്നും ഒന്നും അവസാനിക്കില്ലെന്നും കുന്തമുന ചെന്നെത്തുന്നത് മുഖ്യമന്ത്രിയിലേക്ക് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ കുടുംബത്തില്‍ എത്തിയത് അഴിമതി പണവും കള്ളപ്പണവുമാണ്. കള്ളപ്പണത്തെ വെളുപ്പിക്കാന്‍ നടത്തിയ പരിശ്രമം ഇഡി അന്വേഷിക്കേണ്ട ഷെഡ്യൂള്‍ഡ് ഒഫന്‍സിന്റെ പട്ടികയില്‍ വരുന്നതാണ് – അദ്ദേഹം വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*