
തദ്ദേശ – നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ടീം വികസിത കേരളവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിങ്കളാഴ്ച മുതൽ മെയ് 10 വരെ പാർട്ടിയുടെ 30 സംഘടനാ ജില്ലകളിൽ കൺവെൻഷനുകൾ സംഘടിപ്പിക്കും.
സംസ്ഥാനത്തെ 30 സംഘടനാ ജില്ലകളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 600 ലേറെ ഭാരവാഹികൾക്ക് ടീം വികസിത കേരളം എന്നാണ് പാർട്ടി അധ്യക്ഷൻ നൽകിയ പേര്. ഇതേ പേരിൽ കൺവെൻഷനുകൾ സംഘടിപ്പിക്കുകയാണ് ബി ജെ പി തീരുമാനം. തിങ്കളാഴ്ച തൃശൂർ സിറ്റി, റൂറൽ ജില്ലകളിലാണ് തുടക്കം. മെയ് 10ന് പാലക്കാട് വെസ്റ്റ് ജില്ലാ കൺവെൻഷനോടെ ആദ്യഘട്ടം സമാപിക്കും. 17 ദിവസം നീണ്ടു നിൽക്കുന്ന ഹൈടെക് കൺവെൻഷനാണ് ലക്ഷ്യം. രാവിലെ ജില്ലാ കോർകമ്മിറ്റി യോഗം. പിന്നീട് പഞ്ചായത്ത് തലം മുതലുള്ള ഭാരവാഹികളുടെ പ്രത്യേക കൺവെൻഷൻ. അധ്യക്ഷൻ്റെ പവർ പോയിൻ്റ് പ്രസൻറേഷൻ എന്നിവയാണ് അജണ്ട.
ഓരോ തദ്ദേശ സ്ഥാപനങ്ങളെയും – നിയമസഭാ മണ്ഡലങ്ങളെയും ജയ സാധ്യത അനുസരിച്ച് എ,ബി,സി വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. എ ക്കാണ് ജയസാധ്യത കൂടുതൽ. എ യിൽ ജയം ഉറപ്പാക്കാനും മറ്റിടങ്ങളിൽ നേട്ടം ഉണ്ടാക്കാനുമുള്ള പ്ലാനുകൾ മുന്നോട്ട് വെക്കും. താഴെ തട്ട് മുതൽ ഭാരവാഹികൾ ഓരോ മാസവും പ്രവർത്തന പുരോഗതി റിപ്പോർട്ട് അധ്യക്ഷന് കൈമാറണം. ഓരോ ജില്ലകളിലും പല കാരണങ്ങൾ കൊണ്ട് സജീവമല്ലാതെ മാറി നിൽക്കുന്ന പ്രാദേശിക നേതാക്കളെ അധ്യക്ഷൻ പ്രത്യേകമായി കാണും. മത സാമുദായിക തോക്കൾ, പൗരപ്രമുഖർ എന്നിവരുമായി അധ്യക്ഷൻ യാത്രയിൽ കുടിക്കാഴ്ച നടത്തും.
Be the first to comment