
കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസിലെ നിര്‍ണായക തെളിവെന്ന് കരുതുന്ന ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി.പ്രതിയെ സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍, വീടിന് പിന്നിലുള്ള തോട്ടില്‍ നിന്നാണ് ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയത്. ഹാര്‍ഡ് ഡിസ്‌ക് തോട്ടില്‍ ഉപേക്ഷിച്ചതായി പ്രതി അമിത് ഉറാങ് പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രതി ഉപേക്ഷിച്ച രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതിയെ വൈദ്യപരിശോധന നടത്തിയതായും പൊലീസ് അറിയിച്ചു
കൊലപാതകക്കേസിലെ പ്രതി അമിത് ഉറാങ് എന്ന അസം സ്വദേശിയെ തൃശൂര്‍ മാളയില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. മാളയിലെ കോഴിഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ഝാര്‍ഖണ്ഡ് സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ഇയാളുണ്ടായിരുന്നത്. പത്തിലധികം മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ മാറ്റി മാറ്റി ഉപയോഗിക്കുകയായിരുന്നു ഇയാള്‍. കൊല്ലപ്പെട്ട വിജയകുമാറിന്റേയും ഭാര്യ മീരയുടേയും മൊബൈല്‍ ഫോണ്‍ ഇയാള്‍ അപഹരിച്ചിട്ടുണ്ടായിരുന്നു. അതില്‍ ഒരു ഫോണ്‍ സ്വിച്ച് ഓണ്‍ ആയിരുന്നു. ഉപയോഗത്തിലുള്ള ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. രാത്രി 12.30യ്ക്കാണ് പൊലീസ് ഇയാളെ പിടികൂടുന്നത്.
കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയുമാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന് പുറമേ മറ്റ് ചില ബിസിനസ് സ്ഥാപനങ്ങളും വിജയകുമാറിന്റെ പേരിലുണ്ട്. വീട്ടില്‍ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം.
Be the first to comment