കോട്ടയം ഇരട്ടക്കൊല: പ്രതി ലക്ഷ്യം വെച്ചത് വിജയകുമാറിനെ മാത്രം; ശബ്ദം കേട്ട് ഉണര്‍ന്നതിനാല്‍ ഭാര്യയെയും കൊന്നു; മൊഴി പുറത്ത്

കോട്ടയം ഇരട്ടക്കൊല കേസില്‍ പ്രതി അമിത് ഒറാങ് കൊല്ലാന്‍ ലക്ഷ്യം വെച്ചത് വിജയകുമാറിനെ മാത്രം. ശബ്ദം കേട്ട് ഭാര്യ ഉണര്‍ന്നത് കൊണ്ടാണ് മീരയെ കൊന്നത് പ്രതി മൊഴി നല്‍കി. വിജയകുമാര്‍ കൊടുത്ത കേസ് മൂലമാണ് ഗര്‍ഭം അലസി പോയ ഭാര്യയെ പരിചരിക്കാന്‍ പ്രതിക്ക് പോകാന്‍ സാധിക്കാതിരുന്നത്. ഇതാണ് വൈരാഗ്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അതേസമയം പ്രതി ഡി വി ആറുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

പോലീസ് പിടിയിലായി പ്രതി ആദ്യ മണിക്കൂര്‍ തന്നെ കുറ്റം സമ്മതിച്ചു. പിന്നാലെയാണ് കൂടെ കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞത്. വിജയകുമാര്‍ ജോലിക്കാരനായിരുന്ന അമിത്തിനെ ശമ്പളം നല്‍കാതെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. ഇതേതുടര്‍ന്നാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് പണം തട്ടാന്‍ അമിത് ശ്രമിച്ചത്. ഈ കേസില്‍ അഞ്ചുമാസം പ്രതി റിമാന്‍ഡില്‍ കഴിയുകയും ചെയ്തു. ഈ കാലത്താണ് ഭാര്യയുടെ ഗര്‍ഭം അലസി പോകുന്നത്. ഭാര്യയെ പരിചരിക്കാന്‍ പോലും പോകാന്‍ സാധിക്കാത്ത വന്നതിലുള്ള വൈരാഗ്യം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. എന്നാല്‍ വിജയകുമാര്‍ കുമാറിനെ മാത്രമാണ് കൊലപ്പെടുത്താന്‍ അമിത് തീരുമാനിച്ചത്. കൊലപാതകം നടക്കുന്ന ശബ്ദം കേട്ട് വിജയകുമാറിന്റെ ഭാര്യ എഴുന്നേറ്റത്തോടെയാണ് അവരെയും വക വരുത്തിയത് എന്നാണ് പൊലീസ് പറയുന്നത്.

ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ സഹായിച്ചത് കല്ലറ സ്വദേശി ഫൈസല്‍ ഷാജിയാണ്. ഇയാള്‍ പ്രതിക്കൊപ്പം ജയിലില്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് വേണ്ടിയുള്ള പണം പ്രതിയുടെ അമ്മ നാട്ടില്‍ നിന്ന് അയച്ചു നല്‍കി.

അതേസമയം, കുറ്റകൃത്യം നടത്താന്‍ പോകുന്നതിന്റെയും കൊലപാതകം നടത്തിയതിനുശേഷം ഡിവിആര്‍ ഉപേക്ഷിക്കാന്‍ പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. വെളിവെടുപ്പ് അവസാന ഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വാങ്ങാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*