”അത് ചെയ്തത് ഇസ്ലാമിസ്റ്റ് ഭീകരവാദികള്‍ തന്നെ, പറയേണ്ടത് പറഞ്ഞെന്ന് കമന്റുകള്‍”; ശശി തരൂരിന്റെ പോസ്റ്റില്‍ ചര്‍ച്ച

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ പ്രതികരണം ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നു. ഭീകരാക്രമണത്തിന് പിന്നില്‍ ‘ഇസ്ലാമിസ്റ്റ് ഭീകരവാദികള്‍’ ആണെന്ന കുറിപ്പിലെ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ക്ക് അടിസ്ഥാനം. പലരും പറയാന്‍ മടിക്കുന്ന കാര്യമാണ് തരൂര്‍ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത് എന്നാണ് പൊതുവെ ഉയരുന്ന വാദം. പഹല്‍ഗാം ഭീകരവാദി ആക്രമണം ബിജെപി ഭിന്നത വളര്‍ത്താന്‍ ഉപയോഗിക്കുന്നു എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തന്നെ ചൂണ്ടിക്കാട്ടുന്നതിനിടെയാണ് വിഷയത്തിലെ തരൂരിന്റെ പ്രതികരണം മറ്റൊരു തലത്തില്‍ ചര്‍ച്ചയാകുന്നത്.

”പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുസ്ലീങ്ങളല്ലാത്ത പുരുഷ വിനോദസഞ്ചാരികളെ ലക്ഷ്യം വച്ചുള്ള അതിരൂക്ഷമായ അതിക്രമങ്ങളുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രത്യേകിച്ച് മുസ്ലീങ്ങളല്ലാത്ത പുരുഷ വിനോദസഞ്ചാരികളെ ലക്ഷ്യം വച്ചുള്ളതാണ് ആക്രമണം. മതപരമായ സ്വത്വത്തിന്റെ പേരില്‍ നമ്മെ വിഭജിക്കാനുള്ള ഇസ്ലാമിക ഭീകരരുടെ ഈ നീചമായ ശ്രമത്തിനെതിരെ ഒന്നിക്കണം എന്ന് എല്ലാ ഇന്ത്യക്കാരോടും ആവശ്യപ്പെടുന്നു. ആക്രമികളുടെ പദ്ധതികള്‍ വിജയിക്കാന്‍ അനുവദിക്കരുത്”- എന്നായിരുന്നു തരൂരിന്റെ പ്രതികരണം.

തരൂരിന്റെ എക്‌സ് പോസ്റ്റിലെ ‘മുസ്ലീങ്ങളല്ലാത്ത പുരുഷ വിനോദസഞ്ചാരികളെ ലക്ഷ്യം വച്ചുള്ള അതിരൂക്ഷമായ അതിക്രമങ്ങള്‍. ഇസ്ലാമിക ഭീകരര്‍ എന്നീ വാക്കുകള്‍ അടര്‍ത്തിമാറ്റിയാണ്” സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍. തരൂരിന്റെ പ്രയോഗത്തെ അനൂകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

തരൂര്‍ കാണിച്ചത് മറ്റ് പല നേതാക്കള്‍ക്കും ഇല്ലാത്ത ധൈര്യമാണെന്നാണ് ചില കമന്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. തരൂര്‍ ഇപ്പോഴുള്ളത് തെറ്റായ ഇടത്താണ് എന്നും ചില കമന്റുകള്‍ ചൂണ്ടിക്കാട്ടുന്നു. അറിഞ്ഞോ അറിയാതെയോ ശശി തരൂര്‍ ശരിയായ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നു എന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*