നാവികസേനയ്ക്ക് പുതിയ പതാക

കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ പുറത്തിറക്കി. ബ്രിട്ടീഷ് ഭരണകാലത്തെ ഓര്‍മകളെ പൂര്‍ണ്ണമായും ഇല്ലാതാക്കി കൊണ്ടാണ് പുതിയ പതാക രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങിലായിരുന്നു പ്രധാനമന്ത്രി നാവികസേനയുടെ പുതിയ പതാക അനാച്ഛാദനം ചെയ്തത്.

മറാഠാ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു ഛത്രപതി ശിവജിയുടെ മുദ്രയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഘടകങ്ങളും പുതിയ പതാകയിലുണ്ട്. പുതിയ പതാകയുടെ മുകളിലായി ദേശീയ പതാകയുമുണ്ട്. കൂടാതെ നീല അഷ്ടഭുജാകൃതിയിലുള്ള ഒരു കവചത്തിനുള്ളിലായി അശോക സ്തംഭവും ഒരു നങ്കൂരചിഹ്നവും ഉള്‍ക്കൊള്ളിച്ചിട്ടുള്ള മുദ്രയും കാണാം.

നാവികസേനയുടെ ഷീൽഡും ആപ്തവാക്യവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേവനാഗരി ലിപിയിലുള്ള ‘ ശം നോ വരുണ:’ നാവികസേനയുടെ ആപ്തവാക്യവും ദേശീയ മുദ്രാവാക്യമായ ‘സത്യമേവ ജയതേ’ എന്ന ആപ്തവാക്യവും പതാകയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എട്ടു ദിക്കുകളിലേക്കും എത്താനുള്ള നാവികസേനയുടെ ശേഷിയും അവരുടെ പ്രവർത്തന മികവിനേയുമാണ് മുദ്രണത്തിലെ എട്ട് ദിശകൾ അടയാളപ്പെടുത്തുന്നത്. ഛത്രപതി ശിവാജി മഹാരാജിന്റെ രാജമുദ്രയാണ് ഇരട്ട സ്വർണ അരികുകളോട് കൂടിയ അഷ്ടഭുജാകൃതിയിലുള്ള ചിഹ്നം. ഭാഗ്യം, നിത്യത, നവീകരണം, എല്ലാ ദിശകളിൽ നിന്നും പോസിറ്റീവ് ഊർജ്ജം എന്നിവയാണ് എട്ട് ദിക്കുകളും പ്രതിനിധാനം ചെയ്യുന്നത്.

നീല അഷ്ടഭുജാകൃതിയിലുള്ള കവചം ഇന്ത്യന്‍ നാവികസേനയുടെ വ്യാപ്തിയെയും ബഹുമുഖ പ്രവര്‍ത്തന ശേഷിയെയും എട്ട് ദിശകളെയും പ്രതിനിധീകരിക്കുന്നുവെന്ന് നാവികസേന പറഞ്ഞു. നങ്കൂരചിഹ്നം ദൃഢനിശ്ചയത്തെ പ്രതിനിധീകരിക്കുന്നുവെന്നും നാവികസേന വ്യക്തമാക്കുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇത് നാലാംതവണയാണ് നാവികസേനയുടെ പതാകയ്ക്ക് മാറ്റം വരുത്തുന്നത്. 

Be the first to comment

Leave a Reply

Your email address will not be published.


*