മുൻ പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെ ശ്രീലങ്കയിൽ തിരിച്ചെത്തി

കൊളംബോ:  മുന്‍ പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെ ശ്രീലങ്കയില്‍ തിരിച്ചെത്തി. ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഏഴാഴ്ച മുമ്പാണ് രാജപക്സെ രാജ്യം വിട്ടത്. അര്‍ധരാത്രി കൊളംബോ വിമാനത്താവളത്തിലെത്തിയ ഗോട്ടബയയെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയില്‍ നിന്നുള്ള മന്ത്രിമാരും എംപിമാരും എത്തിയിരുന്നു.

മുന്‍ ശ്രീലങ്കൻ പ്രസിഡന്‍റ് എന്ന നിലയില്‍ സര്‍ക്കാര്‍ കൊളംബോയില്‍ അനുവദിച്ച വസതിയിലാണ് ഇപ്പോൾ ഗോട്ടബയ ഉള്ളത്. കനത്ത പൊലീസ് കാവലിലാണ് ഗോട്ടബയ രാജപക്സയെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ട് പോയത്. മാലിദ്വീപ്, സിംഗപ്പൂര്‍, തായ്‍ലന്‍ഡ് എന്നിവടങ്ങളില്‍ സന്ദര്‍ശക വിസയില്‍ കഴിയുകയായിരുന്നു മുന്‍ പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെ. നിലവില്‍ ഗോട്ടബയക്കെതിരെ രാജ്യത്ത് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. 

 ജനകീയ പ്രതിഷേധത്തിനിനെ തുടര്‍ന്ന് ജൂലൈ 9 ലെ കലാപത്തിന് ശേഷമാണ് രാജപക്‌സെ ശ്രീലങ്കയിൽ നിന്ന് പലായനം ചെയ്തത്. രാജി പ്രഖ്യാപിക്കാൻ തയാറാകാതെയാണ് ഗോട്ടബയ രാജപക്സെ രാജ്യം വിട്ടതെങ്കിലും പിന്നീട് രാജി വെക്കുകയായിരുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*