വർഗീയതയ്ക്കെതിരെ മതേതര വിശ്വാസികൾ ഒന്നിക്കണം: ഫിൽസൺ മാത്യൂസ്

അതിരമ്പുഴ : രാജ്യത്ത് ഭരണകൂടങ്ങൾ അധികാര തുടർച്ചയ്ക്കായി വർഗീയത വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അതിനെതിരെ കോൺഗ്രസ് നടത്തുന്ന ദേശവ്യാപകമായ പ്രക്ഷോഭത്തിൻ്റെ ഭാഗമാണ് രാഹുൽ ഗാന്ധി നേതൃത്വം കൊടുക്കുന്ന ഭാരത് ജോഡോ പദയാത്രയെന്നും യു ഡി എഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വ. ഫിൽസൺമാത്യൂസ്.              

കന്യാകുമാരിയിൽ നിന്നും കാശ്മീർ വരെ 3571 കിലോമീറ്റർ അഞ്ച് മാസം കൊണ്ട് സഞ്ചരിക്കുന്ന പദയാത്രയിൽ ജനലക്ഷങ്ങൾ അണിചേരുമെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ പദയാത്രയോടനുബന്ധിച്ച് അതിരമ്പുഴ കുറ്റിയേൽക്കവലയിൽ നടന്ന കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അഡ്വ.ഫിൽസൺ മാത്യൂസ്.

രാജ്യത്തെ ദുർബ്ബലപ്പെടുത്തുന്ന വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കാൻ സർക്കാരുകൾ യാതൊരു ശ്രമവും നടത്തുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് കൊണ്ടുവന്ന എല്ലാ വികസനങ്ങളെയും ഇല്ലാതാക്കിക്കൊണ്ടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ജനയാത്രയിൽ പങ്കെടുക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ് – ഫിൽസൺമാത്യൂസ് പറഞ്ഞു.

കെ.ജെ.ജോർജ് കിടങ്ങയിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് കെ.ജി. ഹരിദാസ്, മണ്ഡലം പ്രസിഡൻ്റ് ജോറോയി പൊന്നാറ്റിൽ, പി.വി. മൈക്കിൾ, സിനു ജോൺ, ജൂബി ഐക്കരക്കുഴി, ബിജു നാരായണൻ, സി.കെ. മുരളി എന്നിവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*