ടി-20 ലോകകപ്പ്: ഓസ്ട്രേലിയയെ 89 റൺസിന് തകർത്ത് ന്യൂസീലൻഡ്

ടി-20 ലോകകപ്പിൻ്റെ സൂപ്പർ 12 പോരാട്ടത്തിൽ ന്യൂസീലൻഡിന് വിജയത്തുടക്കം. ആതിഥേയരായ ഓസ്ട്രേലിയയെ 89 റൺസിനാണ് ന്യൂസീലൻഡ് തകർത്തത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 201 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ 17.1 ഓവറിൽ 111 റൺസിന് ഓൾ ഔട്ടായി. ന്യൂസീലൻഡിനായി ബാറ്റിംഗിൽ ഡെവോൺ കോൺവെയും (58 പന്തിൽ 92 നോട്ടൗട്ട്), ഫിൻ അലൻ (16 പന്തിൽ 42) തിളങ്ങി. ബൗളിംഗിൽ ടിം സൗത്തി, മിച്ചൽ സാൻ്റ്നർ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 28 റൺസെടുത്ത ഗ്ലെൻ മാക്സ്‌വൽ ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ.

ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡിന് നല്ല തുടക്കമാണ് യുവതാരം ഫിൻ അലൻ നൽകിയത്. ഓസീസിൻ്റെ പേരുകേട്ട പേസർമാരെ ഗ്രൗണ്ടിൻ്റെ നാലുപാടും പായിച്ച അലനും കോൺവേയും ചേർന്ന് ആദ്യ നാലോവറിൽ അടിച്ചുകൂട്ടിയത് 56 റൺസ്. അഞ്ചാം ഓവറിലെ ആദ്യ പന്തിൽ അലനെ ഹേസൽവുഡ് ക്ലീൻ ബൗൾഡ് ആക്കി. മൂന്നാം നമ്പറിൽ കെയിൻ വില്ല്യംസണിൻ്റെ (23 പന്തിൽ 23) മെല്ലെപ്പോക്ക് ന്യൂസീലൻഡിൻ്റെ റൺ നിരക്കിനെ ബാധിച്ചു. കോൺവേയുമൊത്ത് 69 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ വില്ല്യംസൺ മടങ്ങി. ഇതിനിടെ 36 പന്തുകളിൽ കോൺവേ ഫിഫ്റ്റി തികച്ചു. ഗ്ലെൻ ഫിലിപ്സ് (12) വേഗം മടങ്ങിയെങ്കിലും ജെയിംസ് നീഷവുമായി (13 പന്തിൽ 26 നോട്ടൗട്ട്) ചേർന്ന് കോൺവേ ന്യൂസീലൻഡിനെ 200 കടത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ ഡേവിഡ് വാർണറെ (5) രണ്ടാം ഓവറിൽ തന്നെ നഷ്ടമായ ഓസ്ട്രേലിയയ്ക്ക് നിശ്ചിത ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. ആരോൺ ഫിഞ്ച് (13), മിച്ചൽ മാർഷ് (16), മാർക്കസ് സ്റ്റോയിനിസ് (7), ടിം ഡേവിഡ് (11), മാത്യു വെയ്ഡ് (2), മിച്ചൽ സ്റ്റാർക്ക് (4), ആദം സാമ്പ (0) എന്നിവരൊക്കെ നിരാശപ്പെടുത്തിയപ്പോൾ മാക്സ്‌വലിൻ്റെയും (28), പാറ്റ് കമ്മിൻസിൻ്റെയും (21) ഇന്നിംഗ്സുകളാണ് ഓസ്ട്രേലിയയെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*